vigilancepetition

കൊച്ചി ചുള്ളിക്കലില്‍ നഗരസഭ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും ഒത്താശയോടെയുള്ള അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ വിജിലന്‍സില്‍ പരാതി. നിയമലംഘനം കണ്ടെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തിന് നഗരസഭ ലൈസന്‍സ് നല്‍കിയെന്നും ആരോപണം. അനധികൃതകെട്ടിട നിര്‍മാണത്തിനെതിരെ പരാതിപ്പെട്ട അയല്‍വാസിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും നീക്കം. 

 

ചുള്ളിക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തിന്‍റെ നിര്‍മാണത്തിനെതിരെയാണ് പരാതിയുയര്‍ന്നത്. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണത്തിനെതിരെ സമീപത്ത് കട നടത്തുന്ന ഷിബുരാജിന്‍റെതായിരുന്നു പരാതി. ഷിബുരാജിന്‍റെ കടമുറിയോട് ചേര്‍ന്നായിരുന്നു കെട്ടിനിര്‍മാണം. ഷിബുരാജിന്‍റെ പരാതിയില്‍ പരിശോധന നടത്തിയ നഗരസഭ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്റ്റോപ് മെമ്മോ നല്‍കി. മുന്‍വശം റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചു. ഒന്നാംനില ഇരുമ്പ് ഷീറ്റ് മേല്‍ക്കൂരയിട്ടതുള്‍പ്പെടെ നിയമലംഘനങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിസംബര്‍ 14ന് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇത് ലംഘിച്ച് ഉടമ നിര്‍മാണം തുടര്‍ന്നു. ഇതോടെ ഷിബുരാജ് ഹൈക്കോടതിയെ സമീപിച്ചു. തത്സ്ഥിതി തുടരാനായിരുന്നു കോടതി നിര്‍ദേശമെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. 

സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന കടയ്ക്ക് ലൈസന്‍സ് നേടിയെടുത്ത ഉടമ കടതുറക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധമുയര്‍ന്നു.പരാതിയില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന ആരംഭിച്ചു.