periyar-protest

TOPICS COVERED

പെരിയാറിലെ മത്സ്യകുരുതിയില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ നടപടിയില്ല. വരുമാനം നിലച്ച് കടുത്ത കടബാധ്യതയിലായ കര്‍ഷകര്‍ സമരത്തിന് ഒരുങ്ങുകയാണ്. മാലിന്യമൊഴുക്കി വിട്ട ഫാക്ടറികളി‍ല്‍ നിന്നടക്കം നഷ്ടപരിഹാരം ഈടാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. 

 

ഈ പ്രതിഷേധം അവസാന മുന്നറിയിപ്പാണ്. സര്‍ക്കാരും ഉദ്യോഗസ്ഥരും ഇനിയും മുഖംതിരിച്ചാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്‍റെ മട്ടും ഭാവവും മാറും. അത്രയും കഷ്ടതയിലാണ് പെരിയാറിന്‍റെ തീരത്തെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും. പെരിയാറില്‍ മത്സ്യകുരുതി നടന്ന് രണ്ട് മാസം കഴിഞിട്ടും നഷ്ടപരിഹാരം പ്രഖ്യാപനത്തില്‍ മാത്രമാണ്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പലരുടെയും ആയിരകണക്കിന് മീനുകള്‍ ചത്തുപൊങ്ങിയത്. പരമ്പരാഗത ഉള്‍നാടന്‍ മത്സ്യതൊഴിലാളി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മേനകയിലെ സമരം.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പെരിയാറിലേക്ക് മാലിന്യമൊഴുക്ക് നിര്‍ബാദം തുടരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യമൊഴുക്കിവിടുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിന് പുറമെ വന്‍തുക പിഴയും ഈടാക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. വരാപ്പുഴ മുതല്‍ ബോള്‍ഗാട്ടി വരെയുള്ള എല്ലാ പുഴകളുടെയും തോടുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാനും നടപടി വേണമെന്നാണ് ആവശ്യം.

ENGLISH SUMMARY:

There is no action to compensate farmers and laborers in Periyar's fishing industry