ഹരിത കര്‍മ്മസേന മാലിന്യം നീക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസില്‍ മാലിന്യം തള്ളി യുവാവിന്‍റെ പ്രതിഷേധം. എറണാകുളം വെങ്ങോല പഞ്ചായത്ത് ഓഫീസിലാണ് ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനിലേക്ക് പ്രദേശവാസിയായ അനൂപ് മാലിന്യം നിക്ഷേപിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുെട പരാതിയില്‍ പൊലീസ് കേസെടുത്തു. 

ഹരിത കര്‍മ്മസേന മാലിന്യം നീക്കുന്നതില്‍ വീഴ്ച തുടര്‍ന്നാല്‍ ഉദ്യോഗസ്ഥരുടെ വീടിനു മുന്നില്‍ മാലിന്യം തള്ളുമെന്ന മുന്നറിയിപ്പോടെയാണ് വെങ്ങോല പഞ്ചായത്തില്‍ യുവാവ് പ്രതിഷേധിച്ചത്. ചിങ്ങമാസം ഒന്നാം തീയതി തന്നെ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ ഇരിക്കുന്ന ക്യാബിനില്‍ ചാക്കില്‍ കെട്ടി തള്ളി. 

പ്രദേശവാസിയായ അനൂപ് തന്നെ മാലിന്യം നിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നൊന്നും പറഞ്ഞ് കേസ് കൊടുക്കാൻ നിൽക്കേണ്ടെന്നും താൻ തന്നെ എല്ലാം വിഡിയോയിൽ പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

അതെസമയം അനൂപ് നിക്ഷേപിച്ചത് പഞ്ചായത്തില്‍ നിന്നുള്ള മാലിന്യം അല്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നാട്ടിലെ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നയാളാണ് പ്രതിഷേധിച്ച അനൂപ്.

ENGLISH SUMMARY:

Young Man's Protest: Bold Act of Throwing Garbage at Panchayat Office