TOPICS COVERED

തൂശനിലയിൽ വിളമ്പിയ സദ്യയുണ്ടാലേ മലയാളിക്ക് ഓണം പൂർണമാകൂ. അതുകൊണ്ടുതന്നെ ഓണ വിഭവങ്ങൾക്കൊപ്പം വാഴയിലയും നമ്മൾ ഉറപ്പുവരുത്താറുണ്ട്. ഓണമടുത്തതോടെ സംസ്ഥാനത്ത് വാഴയില വിപണിയും സജീവമാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നടക്കം വാഴയിലയുടെ വരവിൽ ഗണ്യമായ കുറവുണ്ടായത് ഓണാഘോഷത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

ഓണം പിറന്നാലും ഉണ്ണി പിറന്നാലും സദ്യ നമുക്ക് വാഴയിലയിൽ തന്നെ വേണം. പ്ലാസ്റ്റിക് ഇലകൾ വിപണിയിൽ സജീവമായെങ്കിലും തൃശിനിലയുടെ ഡിമാൻഡ് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ ഇല വിപണി നേരത്തെ തന്നെ സജീവമായി. സാധാരണ ദിവസങ്ങളിൽ നാലോ അഞ്ചോ രൂപയ്ക്ക് കിട്ടുന്ന ഇലയ്ക്ക് ഓണമാകുമ്പോൾ ഒമ്പതോ പത്തോ രൂപ നൽകണം. 

കൂത്താട്ടുകുളം, പിറവം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നാണ് എറണാകുളം മാർക്കറ്റിലേക്ക് വാഴയില എത്തുന്നത്. ഓണക്കാലമാകുമ്പോൾ തമിഴ്നാട്ടിൽ നിന്നുകൂടി എത്തിയാലേ ആവശ്യത്തിന് ഇലയുണ്ടാകൂ. എന്നാൽ ഇക്കുറി ഇലക്ഷാമം രൂക്ഷമാണെന്നാണ് വ്യാപാരികൾ പറയുന്നത്

കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളിക്ക് ഇലയുടെ വിലയൊരു പ്രശ്നമേയല്ല. പക്ഷേ ആവശ്യത്തിന് ഇല കിട്ടിയില്ലെങ്കിൽ സംഗതി കൈവിട്ടു പോകും. എന്നാൽ അടുത്ത ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നടക്കം കൂടുതൽ ഇലയെത്തിയാൽ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഓണം കളറാകും. 

ENGLISH SUMMARY:

Banana leaf shortage in onam season.