എറണാകുളം ജില്ലയിലെ മരട് നെട്ടൂര്‍ ഭാഗങ്ങളില്‍ കുടിവെള്ളം രൊക്കം കാശുകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് . ഇവിടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ദിവസം പത്തായി . നെട്ടൂര്‍ പമ്പ് ഹൗസിലെ തകരാറാണ് പ്രശ്നം . കാര്യവും കാരണങ്ങളുമറിയാമായിരുന്നിട്ടും അധികൃതര്‍ നിസ്സംഗതയിലാണ്. പ്രശ്ന പരിഹാരം തേടി പലതവണ ജലഅതോറിറ്റിയെ സമീപിച്ചിട്ടും നടപടിയില്ല.
മരട് നഗരസഭയിലെ കുണ്ടന്നൂര്‍ രണ്ടാം ഡിവിഷനിലെ കുടുംബങ്ങള്‍ കുടിവെള്ളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പത്തുദിവസത്തിലേറെയായി. പൊതുപൈപ്പിലും ഒരുതുള്ളി വെള്ളമില്ല. വില കൊടുത്ത് വാങ്ങി ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചാലും ചെറുവഴികളിലൂടെ ചുമന്നുവേണം വീട്ടിലെത്തിക്കാന്‍.
നെട്ടൂരിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് മരട് നഗരസഭയിലെ ഡിവിഷനുകളിലേക്ക് എത്തിക്കുന്ന 15 എംഎല്‍ഡി ജലം കൃത്യമായി നല്‍കാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണം. കാലപ്പഴക്കം വന്ന പൈപ്പുകളും കാര്യക്ഷമമല്ലാത്ത പമ്പിങ്ങുമാണ് വെല്ലുവിളിയാകുന്നത്.
ആവശ്യത്തിന് ജലം ശുദ്ധീകരണശാലയില്‍ എത്തുമ്പോഴും കൃത്യമായി വിതരണം നടത്താന്‍ ജല അതോറിറ്റിക്ക് ആകുന്നില്ല. കൂടെ കൂടെ എത്തുന്ന കുടിവെള്ള വറുതിക്ക് ശാശ്വത പരിഹാരം ആയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ജനപ്രതിനിധികള്‍.