TOPICS COVERED

നാടിന്റെ സമാധാനം നഷ്ടപ്പെടുത്തിയ  സാമൂഹ്യവിരുദ്ധർക്കെതിരെ സംഘടിച്ച് നാട്ടുകാർ. മദ്യക്കുപ്പികളും സിഗററ്റ് കുറ്റികളും നിറഞ്ഞ കൊച്ചി തൈക്കൂടം കനാൽ റോഡരികിലെ നടപ്പാതയും ഇരിപ്പിടവുമാണ് നാട്ടുകാർ വൃത്തിയാക്കി തിരിച്ചു പിടിച്ചത്. പൊതുവിടം കയ്യേറിയുള്ള പരസ്യ മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗം അധികൃതർ കണ്ടില്ലെന്ന് നടിച്ചതോടെയാണ്  നാട്ടുകാരുടെ ഇടപെടൽ.

നാടാകെ നല്ലതിന് വേണ്ടി ശ്രമിക്കുമ്പോഴും നന്നാകില്ലെന്ന്  വാശിയുള്ള ചിലർ. അക്കൂട്ടരെ  കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തൈക്കൂടം കനാൽ റോഡിലെ നാട്ടുകാർ. എല്ലാവർക്കും ഒത്തുകൂടാനും വിശ്രമിക്കാനുമെല്ലാമായാണ് അമൃത് പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നല്ല നടപ്പാതകളും ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയത്. എന്നാൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമാണ്.  

വഴിവക്കിലും ഇരിപ്പിടങ്ങളിലുമാണ് ചിലരുടെ പരസ്യ മദ്യപാനവും പുകവലിയും . ചോദ്യം ചെയ്താൽ അസഭ്യം പറയും. തൊട്ടടുത്തുള്ള കപ്പേളയും അതിനോട് ചേർന്ന് തുറന്ന ഹാളും കൂടി സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായിട്ടും നഗരസഭയോ പൊലീസോ ജനപ്രതിനിധികളോ ഇടപെടാതായതോടെ നാട് വൃത്തിയാക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി.

സമാന അവസ്ഥ കൊച്ചിയിൽ പലയിടങ്ങളിലുമുണ്ട്. തൈക്കൂടം കനാൽ റോഡുപോലുള്ള ഇടങ്ങളിൽ പ്രഭാത-സായാഹ്ന നടത്തത്തിനും മറ്റ് വ്യായാമങ്ങൾക്കും എത്തുന്നവരും നിരവധിയുണ്ടെന്നിരിക്കെ അധികൃതരുടെ ഇടപെടൽ ആവശ്യപ്പെടുകയാണ് നാട്ടുകാർ.

ENGLISH SUMMARY:

Natives nited Against Anti Socials In Kochi Thykoodam