കൊച്ചി മട്ടാഞ്ചേരിയില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കാതെ സ്വകാര്യ ട്രസ്റ്റിന്‍റെ കെട്ടിടത്തില്‍നിന്ന് വര്‍ഷങ്ങളായി താമസിക്കുന്നവരെ ഒഴിപ്പിച്ചതായി പരാതി. കാസം മൂസ സേട്ട് ട്രസ്റ്റിന്‍റെ കെട്ടിടത്തില്‍നിന്ന് മൂന്ന് കുടുംബങ്ങളെയാണ് കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചത്. കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന്‍റെ ഭാഗമായായിരുന്നു ഒഴിപ്പിക്കല്‍.
കിയാഫ് അലിയുടേതടക്കം മൂന്ന് കുടുംബങ്ങളാണ് ട്രസ്റ്റിന്‍റെ കെട്ടിടത്തില്‍ പതിറ്റാണ്ടുകളായി താമസിച്ചിരുന്നത്. കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ കുടുംബങ്ങളോട് മാറാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ വാടകക്കാര്‍ കെട്ടിടത്തില്‍ താമസം തുടര്‍ന്നു. ഇതോടെയാണ് മാനേജിങ് ട്രസ്റ്റി കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും. ഒഴിപ്പിക്കല്‍ ഭൂമാഫിയക്ക് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
2015ന് ശേഷം വാടക വാങ്ങുകയോ കരാര്‍ പുതുക്കുകയോ ചെയ്തിട്ടില്ലെന്നും താസമക്കാര്‍ കയ്യേറ്റക്കാരാണെന്നുമുള്ള നിലപാടാണ് മാനേജിങ് ട്രസ്റ്റിക്ക്. കെട്ടിടം പൊളിച്ചതോടെ കുട്ടികളും കിടപ്പുരോഗികളും അടങ്ങുന്ന രണ്ടു കുടുംബങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാതെ പെരുവഴിയിലാണ്.