കൊച്ചി ഇടപ്പള്ളി പുതുപ്പള്ളിപ്പുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അമ്പലക്കുളത്തിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. അമ്പലക്കുളം വൃത്തികേടാക്കുകയും ചുറ്റും നിന്നിരുന്ന മരങ്ങൾ വെട്ടിക്കളയുകയും ചെയ്തു. വിവരം തിരക്കിയെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ അക്രമികൾ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.
പുതുവത്സര ദിനത്തിലാണ് അമ്പലക്കുളം നശിപ്പിച്ചുള്ള സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ക്ഷേത്രത്തിൽ നിന്നും 200 മീറ്ററോളം മാറിയാണ് അമ്പലക്കുളം സ്ഥിതി ചെയ്യുന്നത്. ആറാട്ട് ഉൾപ്പെടെയുള്ളവക്കായി കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ചെറിയ കുളമാണ് ഇവിടെയുള്ളത്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്ന് കളയുന്നതിനുള്ള വാൽവ് അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന രണ്ടു മരങ്ങളും വെട്ടിമാറ്റി. കുളത്തിന് ചുറ്റുമുള്ള ഇരുമ്പുവേലിക്കും കേടുപാടുണ്ട്. അന്വേഷിക്കാൻ എത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളോടും, പൊലീസിനോടും അക്രമികൾ സഭ്യമല്ലാതെ പെരുമാറിയെന്നാണ് ആരോപണം
അമ്പലക്കുളം നശിപ്പിച്ചതിനെതിരെ സമീപവാസികളായ രണ്ടുപേർക്കെതിരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ക്ഷേത്രക്കുളവും പരിസരവും വൃത്തിയാക്കാനാണ് ശ്രമിച്ചതെന്നാണ് അതിക്രമിച്ച് കയറിയവരുടെ വാദം.