ചലച്ചിത്രത്തിന്‍റെ ലോകത്ത് നിന്ന് സംവിധായകൻ അമ്പിളിയുടെ ചിത്രങ്ങളുടെ ലോകത്തേക്ക് ഒരു യാത്ര. ആ ചിത്രങ്ങൾ കാണണമെങ്കിൽ ഫോർട്ടുകൊച്ചി ഡേവിഡ് ആർട്ട് ഗ്യാലറിയിൽ എത്തണം. തന്റെ വരയിലൂടെ ഓരോ കാലഘട്ടത്തെയും ജീവിതത്തിലെ പ്രിയപ്പെട്ട ഓർമ്മകളെയും അടയാളപ്പെടുത്തുകയാണ് അദ്ദേഹം.
വർണ്ണങ്ങളിൽ ഒളിപ്പിച്ച ആശയങ്ങൾ, പ്രിയപ്പെട്ട വ്യക്തിത്വങ്ങൾ, ഓർമകൾ. അങ്ങിനെ അമ്പിളിയുടെ ചിത്രങ്ങൾക്ക് പല കഥ പറയാനുണ്ട്. പേന കുത്തുകളിലൂടെ വരച്ചിട്ട മുംതാസ് ആണ് മുഖ്യ ആകർഷണം. സിനിമയ്ക്കൊപ്പമായിരുന്ന കാലത്ത് വര മാറ്റിവെച്ചിരുന്നെങ്കിലും തിരിച്ചുവരവിൽ ഉള്ളു ചാലിച്ച് നിറയെ വരച്ചു. മൂന്നാം തവണയാണ് 300ലധികം ചിത്രങ്ങളുമായി പ്രദർശനം ഒരുക്കുന്നത്. ഫോർട്ടുകൊച്ചി ഡേവിഡ് ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനം ഈ മാസം 20 വരെ തുടരും.