പ്രാരാബ്ധമേറിയ കെ.എസ്.ആര്‍.ടി.സിയുടെ ദുരിതം അനുഭവിച്ച് ഇതരസംസ്ഥാന ബസ് ജീവനക്കാരും . എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കണ്ടാല്‍ അറയ്ക്കുന്ന മുറിയില്‍ അന്തിയുറങ്ങേണ്ട ഗതികേട് വിവരിക്കുന്നത് കര്‍ണാടക, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരാണ്. ദീര്‍ഘദൂര സര‍്‍വീസിന്‍റെ ഇടവേളയില്‍ തലചായ്ക്കാന്‍ ഈ വിശ്രമമുറിയിലെത്തുന്നവരും മനുഷ്യരാണ്. വെള്ളക്കെട്ടിന് പണ്ടേ പേര് കേട്ട എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്. ആ പേരിന് അല്‍പംകൂടി പെരുമ നല്‍കുന്നൊരിടമുണ്ടിവിടെ. അത് ഒരു ഒന്നൊന്നര കാഴ്ചയാണ് .
കര്‍ണാടക, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരായ കുറച്ച് പാവം മനുഷ്യരാണ് ഈ ഗംഭീരമായ സൗകര്യത്തില്‍ ഇങ്ങനെ കഴിയുന്നത്. ദീര്ഘദൂര സര്‍വീസ് കഴിഞ്ഞ് ഒന്ന് മയങ്ങാന്‍ എത്തുന്നവര്‍ കിടക്കുമ്പോഴേ ഉറങ്ങും. അടുത്ത സര്‍വീസിന് സമയമാകുന്നതിന് മുന്പേ വിളിച്ചുണര്‍ത്താന്‍ എത്തുന്നവരില്‍ കമ്മട്ടിപ്പാടത്തെ പാമ്പും എലിയുവരെയുണ്ടെന്ന് തമിഴ് മക്കളുടെ സാക്ഷ്യം.
മുല്ലശേരിക്കനാലിലെ നല്ല മള്‍ട്ടികളര്‍ വെള്ളം ഇടയ്ക്കിങ്ങനെ മുറിയില്‍ കയറിയിങ്ങി പോകുന്നതും ഇവിടം പ്രകൃതിസൗഹൃദമാക്കുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി ഇങ്ങനൊരിടം ഇവിടുണ്ടെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. പക്ഷെ ഈ കാണുന്ന മനുഷ്യരുടെ കുടുംബങ്ങളില്‍വരെ ഈ സ്ഥലം പരിചിതമാണ്. വാക്കുകളില്‍കൂടെ ഇവിടം അടുത്തറിഞ്ഞ ആ കുടുംബക്കാരുടെ പ്രാര്‍ഥനമാത്രം ഇവര്‍ക്കൊപ്പം.