യൂണിയൻ ബാങ്കിന്റെ ജപ്തി നടപടിയിൽ പെരുവഴിയിലായി പട്ടികജാതി കുടുംബം. എറണാകുളം എടയ്ക്കാട്ട് വയലിൽ രോഗിയായ 85 കാരി ഉൾപ്പെടെ അഞ്ചുപേരെ പുറത്താക്കി വീട് സീൽ ചെയ്തു. കുടിശ്ശിക തീർക്കാൻ സാവകാശം ചോദിച്ചിട്ടും സമയം അനുവദിച്ചില്ല.
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് തിട്ടയിൽ സുബ്രഹ്മണ്യന്റെ വീടാണ് യൂണിയൻ ബാങ്ക് ജപ്തി ചെയ്തത്. കുടിശ്ശിക അടച്ചു തീർക്കാൻ ഒരാഴ്ച കൂടി സാവകാശം നൽകണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും ബാങ്ക് ഉദ്യോഗസ്ഥർ വീടുപൂട്ടി സീൽ ചെയ്തു.
2017ൽ സുബ്രഹ്മണ്യന്റെ മകൻ സുബിൻ 4സെൻറ് സ്ഥലം പണയപ്പെടുത്തി 7 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു. യൂണിയൻ ബാങ്കിന്റെ മുളന്തുരുത്തി ബ്രാഞ്ചിൽ നിന്ന് ഓട്ടോറിക്ഷ വാങ്ങാൻ മുദ്ര ലോണും എടുത്തു. അമ്മയ്ക്കും മുത്തശ്ശിക്കും അസുഖം വന്നുതോടെ രണ്ട് ലോണിന്റെയും തിരിച്ചടവ് മുടങ്ങി. കഴിഞ്ഞമാസം 46,000 രൂപ അടച്ചുവെങ്കിലും കുടിശ്ശിക തീർന്നില്ല. ഇതിനെ തുടർന്നാണ് ജപ്തി നടപടി.
സുബ്രമണ്യന്‍റെ ഭാര്യ ഉഷക്ക് സന്ധിവാതം മൂലം നടക്കാൻ പറ്റാത്ത അവസ്ഥയാണ്. അപകടത്തിൽ പരിക്കേറ്റിനെ തുടർന്ന് സുബിനും ചികിത്സയിലാണ്. കയറിക്കിടക്കാൻ മറ്റൊരു ആശ്രയമില്ലാത്തതിനാൽ എന്തു ചെയ്യണമെന്ന് അറിയാതെ തളർന്നിരിക്കുകയാണ് ഈ കുടുംബം.