മരണാനന്തര അവയവദാനത്തിന് തയ്യാറായി കൊച്ചിയിൽ ആയിരത്തിലധികം കോളേജ് വിദ്യാർത്ഥികൾ. ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആത്മതാളം പദ്ധതിയിൽ സെന്റ് തെരെസസ് കോളേജ് വിദ്യാർത്ഥികൾ അവയവദാന സമ്മതപത്രം നൽകി
മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ആത്മതാളം പദ്ധതിയുടെ ലക്ഷ്യം. അവയവദാനം ചെയ്യാൻ സമ്മതം അറിയിച്ച് കോളേജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കടന്നുവന്നു. മരണാനന്തര അവയവ ദാന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. റോട്ടറി ക്ലബ് ഓഫ് പാലാരിവട്ടത്തിൻ്റെ പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ സന്ദേശം നൽകി. അവയവദാനത്തിലൂടെ നമുക്കും മറ്റൊരാൾക്ക് ജീവൻ നൽകാൻ സാധിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നടൻ രമേഷ് പിഷാരടി പറഞ്ഞു.
ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ച ലിഫോക്കിന്റെ 'ആത്മതാളം' തീം സോങ് ചടങ്ങിൽ പ്രകാശനം ചെയ്തു. ചിത്രയും മധു ബാലകൃഷ്ണനും ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ നൃത്താവിഷ്കാരം എൻ. എസ്. എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ചു. ജനുവരി 31-ന് ആരംഭിച്ച അവയവ ദാന ക്യാമ്പയിനിൽ ഓൺലൈൻ ആയാണ് കുട്ടികൾ സമ്മതപത്രം സമർപ്പിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയിലെ മുഴുവൻ എൻഎസ്എസ് യൂണിറ്റുകളിലും അവയവദാന സന്ദേശം എത്തിക്കും.