ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീടിന് അരലക്ഷം രൂപ ബിൽ ചുമത്തിയ പീരുമേട് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 ലക്ഷം രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. വൈദ്യുതി മീറ്ററുകളിൽ യഥാസമയം ചെക്കിങ് നടത്താത്തത് മൂലമാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. കെ എസ് ഇ ബിയും വിജിലൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
ഗാർഹിക കണക്ഷനുകളുടെ മറവിൽ ഗാർഹികേതര ഉപയോഗം. ബോധപൂർവ്വം താരിഫിൽ വരുത്തിയ മാറ്റങ്ങൾ. ഇങ്ങനെ സർവത്ര ക്രമക്കേടുകളാണ് പീരുമേട് സെക്ഷൻ ഓഫീസിന് കീഴിൽ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് ദിവസമായി വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തിയാണ് കെ എസ് ഇ ബി യും വിജിലൻസ് ആന്റി തെഫ്റ്റ് സ്‌ക്വാഡും പരിശോധന നടത്തിയത്.
കഴിഞ്ഞ നാല് വർഷമായി പീരുമേട്ടിൽ റീഡിങ് മുടങ്ങിയിരുന്നു. മീറ്റർ റീഡർമാർക്ക് പുറമേ എഞ്ചിനീയർ സൂപ്പർവൈസിങ് നടത്താതിരുന്നതാണ് ക്രമക്കേടുകൾക്ക് കാരണമെന്നാണ് വിജിലൻസ് റിപ്പോർട്ട്. വാഗമൺ വട്ടപ്പതാൽ സ്വദേശി വായോധികയായ അന്നമ്മയുടെ ഒറ്റമുറി വീടിന് 49170 രൂപ വൈദ്യുതി ബിൽ നൽകിയത് വാർത്തയായതോടെയാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടത്. സെക്ഷൻ ഓഫീസിലെ രേഖകൾ പരിശോധിച്ചതോടെ ക്രമക്കേടിന് കൂടുതൽ തെളിവുകൾ കണ്ടെത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത. പീരുമേടിന് പുറമേ, ഉപ്പുതറ, പെരുവന്താനം, വണ്ടിപ്പെരിയാർ, കുമളി എന്നീ സെക്ഷനുകളുടെ കീഴിലും പരിശോധന നടന്നു.