ഇടുക്കി തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിനിടെ ഭരണ പ്രതിപക്ഷ കൗൺസിലർമർ തമ്മിൽ ഉന്തും തള്ളും. കൈക്കൂലി കേസിൽ പ്രതിയായ ചെയർമാൻ സനീഷ് ജോർജിനെ പുറത്താക്കാണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ കൗൺസിൽ യോഗം പിരിച്ചു വിട്ടു
കൈക്കൂലി കേസിൽ പ്രതിയായ ചെയർമാൻ സനീഷ് ജോർജിനെ പുറത്താക്കണമെന്നും വാഹനം ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകരുതെന്നും ആവശ്യപ്പെട്ടാണ് കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്. ധാർമികമായി ചെയർമാനെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ചെയർമാൻ സനീഷ് ജോർജിന് നേരത്തെ തന്നെ പുറത്താക്കിയെന്നും സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് ആണെന്നുമാണ് എൽഡിഎഫിന്റെ ആരോപണം. ചെയർമാനെ തള്ളിപ്പറയുമ്പോഴും ഇടതു വലതുമുന്നണികൾ അവിശ്വാസം കൊണ്ടുവരാത്തത് ഇരട്ടത്താപ്പണെന്ന് ബിജെപി. കൈക്കൂലി കേസിൽ പ്രതിയായതോടെ ചെയർമാൻ സനീഷ് ജോർജ് അവധിയെടുത്ത് മാറി നിൽക്കുകയാണ്. രാജിവെക്കാതെ നിരപരാധിത്വം തെളിയിക്കുമെന്നാണ് വിശദീകരണം