ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ സ്ഥാപിച്ച ഹരിത ചെക്ക് പോസ്റ്റുകൾ പുനസ്ഥാപിക്കാൻ നടപടിയില്ല. ഇതോടെ മേഖലയിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെ ഒരു വർഷം മുൻപാണ് ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഏലപ്പാറ പഞ്ചായത്ത് നിർത്തിവെച്ചത്
വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തനം തുടങ്ങിയത്. സഞ്ചാരികളിൽ നിന്ന് നിശ്ചിത തുകയിടാക്കി മാലിന്യം ശേഖരിക്കാൻ തുടങ്ങിയതോടെ വാഗമണ്ണിലെ മാലിന്യ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം നിലച്ചതോടെ മാലിന്യനിർമാർജനത്തിന് ബദൽ സംവിധാനങ്ങൾ ഇല്ലാ. ഇതോടെ മൊട്ടക്കുന്ന്, പൈൻവാലി, ആത്മഹത്യ മുനമ്പ് എന്നിവിടങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടുകയാണ്
ജൈവമാലിന്യം ചീഞ്ഞ് ഈച്ചയും കൊതുകും പെരുകിയതോടെ മേഖല പകർച്ച വ്യാധി ഭീഷണിയിലാണ്. എന്നാൽ മാലിന്യം നീക്കാൻ നടപടിയെടുത്തെന്നും പ്രദേശത്ത് ഹരിത ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഉടൻ തുടങ്ങുമെന്നുമാണ് ഏലപ്പാറ പഞ്ചായത്തിന്റെ വിശദീകരണം