neelakurinji-idukki

TOPICS COVERED

ഇടുക്കി ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേഖലയില്‍ വ്യപകമായി നീലക്കുറിഞ്ഞി ചെടികള്‍ പിഴുത് മാറ്റിയിരുന്നു. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പിഴുത് മാറ്റിയവര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടില്ല 

ഒരു കാലത്ത് നീലക്കുറിഞ്ഞി പൂക്കുന്നതോടെ നീലവിസ്മയത്തുരുത്തായി മാറിയിരുന്ന ചൊക്രമുടിയിലിപ്പോള്‍ ഭൂതകാലത്തിന്റെ ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന മേഖലയില്‍ മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് നൂറ് കണക്കിന് കുറിഞ്ഞിച്ചെടികളാണ് പിഴുതുമാറ്റിയത്. 

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമായിട്ടും സ്ഥലത്ത് വനംവകുപ്പ് ഇതുവരെ പരിശോധന നടത്തിയിട്ടില്ല. സ്ഥലം വനംവകുപ്പിന്റെ അധീനതയിലല്ലെന്നാണ് വിശദീകരണം. കുറിഞ്ഞിച്ചെടികള്‍ സംരക്ഷിക്കേണ്ട ജൈവവൈവിധ്യ ബോര്‍ഡും നിസംഗത തുടരുകയാണ്. 

 

2014 ലാണ് മേഖലയില്‍ അവസനമായി നീലക്കുറിഞ്ഞി  പൂത്തത്. കുറിഞ്ഞിച്ചെടികള്‍ വ്യാപകമായി പിഴുത് മാറ്റിയതോടെ  2026 ല്‍ വീണ്ടും നീലവസന്തം വിരുന്നെത്തുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ചൊക്രമുടിയെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൊക്രമുടിയിലെ കയ്യേറ്റത്തില്‍ ജില്ല കലക്ടര്‍ നിയോഗിച്ച പ്രത്യേക  സംഘം അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മേഖലയിലെ പട്ടയങ്ങളുടെ കാര്യത്തില്‍ വ്യക്തത വരൂ.

ENGLISH SUMMARY:

Neelakurinji blooms at Idukki Chokramudi disputed land