TOPICS COVERED

ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫേഴ്സിനെ വധുവിന്‍റെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴയുന്നു. ക്രൂരമർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പരാതി നൽകി 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസ് നടപടി എടുത്തിട്ടില്ലെന്ന് മർദ്ദനമേറ്റ ഫോട്ടോഗ്രാഫർ പറഞ്ഞു. 

വിവാഹ ആൽബം ചിത്രീകരിക്കാനെത്തിയ പാലക്കുഴ സ്വദേശികളായ നിതിനും ജെറിനും കഴിഞ്ഞ പതിനാറാം തീയതിയാണ് മർദ്ദനമേറ്റത്. വിവാഹം കഴിഞ്ഞ് മടങ്ങിയ ഫോട്ടോഗ്രാഫര്‍മാരെ വാഹനം തടഞ്ഞു നിർത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രൂരമർദ്ദനത്തിനിരയായ ജെറിന്‍റെ മൂക്കിന് ക്ഷതമേറ്റിരുന്നു. എന്നാൽ ഇതുവരെ പ്രതികളെ പിടികൂടാനാകാത്തത്  പൊലീസിന് ഗുരുതര വീഴ്ചയെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനാണ് മർദ്ദനമേറ്റ ജെറിന്‍റെ തീരുമാനം. എന്നാൽ വൈക്കം സ്വദേശികളായ പ്രതികൾ ഒളിവിലാണെന്നും ഉടൻതന്നെ പിടികൂടുമെന്നുമാണ് മൂന്നാർ പൊലീസിന്‍റെ വിശദീകരണം 

ENGLISH SUMMARY:

The police investigation is slow in the incident where the bride's relatives beat up the photographers