അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മൂലം ഇടുക്കി പീരുമേട് താലൂക്ക് ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും വലയുന്നു. മണ്ഡലകാലത്ത് ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസനം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ്.
ദിവസേന നിരവധി പേർ ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ കാഴ്ച ദയനീയമാണ്.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാൻ ആവശ്യത്തിന് ശുചിമുറികളില്ല.ഉള്ളവ വൃത്തിയായി സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. കാടുമുടികിടക്കുന്നതിനാൽ ആശുപത്രി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർ തമിഴ്നാട്ടിലെ തേനി മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ ആശുപത്രിയിലേക്ക് കൂടുതൽ ആളുകളെത്തും. താൽക്കാലികമായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം