ഇടുക്കി മൂന്നാറിലെ കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നു. രണ്ടുമാസം മുമ്പ് പ്ലാന്‍റിൽ പണിയെടുക്കുന്നതിനിടെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി അളകമ്മയെ വനം വകുപ്പ് കൈവിട്ടെന്ന് കുടുംബം. പ്രദേശത്ത് എത്രയും വേഗം സുരക്ഷയൊരുക്കണമെന്ന് തൊഴിലാളികൾ.
ജീവൻ പണയം വെച്ചാണ് കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തൊഴിലാളികൾ പണിയെടുക്കുന്നത്. പടയപ്പയും ഒറ്റക്കൊമ്പനുമടക്കം നിരവധി കാട്ടാനകളാണ് മാലിന്യം ഭക്ഷിക്കാൻ എത്തുന്നത്. കാട്ടാന ആക്രമണത്തിൽ കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ അളകമ്മ ഇതുവരെ എഴുന്നേറ്റ് നടന്നിട്ടില്ല. വന്യജീവികൾ പകൽ സമയത്ത് പോലും പ്ലാന്‍റിലേക്ക് എത്തുന്നതിന്‍റെ ആശങ്കയിലാണ് തൊഴിലാളികൾ. സുരക്ഷ ഇല്ലാത്തതിനാൽ വേനൽ കനക്കുന്നതോടെ തീറ്റ തേടി കൂടുതൽ ആനകൾ ഇവിടേക്ക് എത്താനാണ് സാധ്യത.