seaplane-mattupetti-report
  • ആശങ്ക പ്രകടിപ്പിച്ച് വനംവകുപ്പ്
  • സീപ്ലെയിന് പ്രത്യേക പദ്ധതി വേണം
  • ജലാശയത്തോട് ചേര്‍ന്ന് മറ്റൊരിടത്ത് സ്ഥലം കണ്ടെത്താം

ഇടുക്കി മാട്ടുപ്പെട്ടി ജലാശയത്തിൽ സീപ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതിലോല മേഖലയിലെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ ജലാശയത്തോട് ചേർന്ന് മറ്റൊരിടത്ത് വിമാനം ഇറക്കാമെന്നും പരാമർശിക്കുന്ന റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

 

സീപ്ലെയിൻ സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനവകുപ്പിന് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് വനവകുപ്പ് അക്കമിട്ട് ആശങ്ക അറിയിച്ചത്. ദേശീയ ഉദ്യാനങ്ങളും കുറഞ്ഞിമല സാങ്കേതവും  ഉൾപ്പെടുന്ന മേഖലയാണ് മാട്ടുപ്പെട്ടി ഡാമിന്റെ വൃഷ്ടിപ്രദേശം. കാട്ടാനകൾക്കൊപ്പം വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. സീപ്ലെയിൻ സർവീസ് തുടങ്ങണമെങ്കിൽ നിർബന്ധമായും ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരമുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. 

പരിസ്ഥിതിലോല മേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സീ പ്ലെയിന്‍ പോലുള്ള വിനോദോപാധികൾ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആരോപണം. സീ പ്ലെയിനിന്റെ ശബ്ദം വന്യജീവികൾക്ക് പ്രകോപനം ഉണ്ടാകാൻ കാരണമാകുമെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി സംഘടനകൾ. സീ പ്ലെയിൻ എത്തുന്നതോടെ ജില്ലയിലേക്ക് സഞ്ചാരികളൊഴുകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. 

Google News Logo Follow Us on Google News

ENGLISH SUMMARY:

The seaplane landed in the Idukki Mattupetti water body, in an extremely sensitive area, according to a report by the Forest Department. The report adds that the aircraft could have landed elsewhere near the water body with the permission of the National Wildlife Board