ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്‍റെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നു. ഇതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് വാഹനങ്ങൾ മറുകരയിൽ എത്തുന്നത്. അപകടാവസ്ഥയിലായ പാലം പുതുക്കി പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കാൻ ഇരട്ടിയാറിൽ അണക്കെട്ട് നിർമ്മിച്ചപ്പോഴാണ് കെ എസ് ഇ ബി ശാന്തിഗ്രാമിൽ പാലം പണിതത്. ദിവസേന പതിനായിരത്തിലധികം ആളുകൾ ആശ്രയിക്കുന്ന പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ പിന്നിട്ടു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ പാലത്തിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഗതാഗതം പൂർണമായും നിരോധിച്ചതോടെ ആറ് കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് വാഹനങ്ങൾ മറുകരയെത്തുന്നത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇടിഞ്ഞു പോയ സംരക്ഷണഭിത്തി നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. പാലം പുതുക്കി പണിയുമെന്ന് നിരവധി തവണ പ്രഖ്യാപനങ്ങളുണ്ടായിട്ടും ദുരിത യാത്രയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.