ഇടുക്കി പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെ എസ് അർ ടി സി ബസിന്‍റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിശദമായ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകും. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന്‍റെ കാരണമെന്ന് നേരെത്തെ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു
പുല്ലുപാറ അപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിട്ടിരുന്നു. ഇന്നലെ രാത്രിയോടെ ക്രയിൻ ഉപയോഗിച്ച് ഉയർത്തിയ ബസ് പെരുവന്താനം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്കു ശേഷമാണ് ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചത്. ബസിൽ സ്പീഡ് ഗവർണർ ഉണ്ടെന്നും കണ്ടെത്തി.
തഞ്ചാവൂരിൽ തീർത്ഥാടനത്തിന് പോയി മടങ്ങും വഴിയാണ് കെ എസ് അർ ടി സി ബസ് മറിഞ്ഞത്. അപകടത്തിൽ മരിച്ച തട്ടാരമ്പലം സ്വദേശി സംഗീത് സോമനും മാവേലിക്കര സ്വദേശി ബിന്ദുവിനും നാട് കണ്ണീരോടെ വിട നൽകി. മരിച്ച മുള്ളികുളങ്ങര സ്വദേശി രമ മോഹന്റെയും തട്ടാരമ്പലം സ്വദേശി അരുൺ ഹരിയുടെയും മൃതദേഹം നാളെ സംസ്കരിക്കും. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സർക്കാർ നൽകും