ഇടുക്കി ഏലപ്പാറ സർക്കാർ ഹൈസ്കൂളിന് സമീപം മാലിന്യം കുമിഞ്ഞു കൂടുന്നു. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ക്ലാസ് മുറികളിലേക്ക് എത്തുന്നതോടെ കുട്ടികൾ ചർദ്ദി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളാൽ വലയുകയാണ്.
ഏലപ്പാറ സർക്കാർ ഹൈ സ്കൂളിന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത്. കുമിഞ്ഞു കൂടിയ ജൈവ അജൈവ മാലിന്യങ്ങൾ ഇതുവരെ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവ് നായ്ക്കൾ സ്കൂൾ പരിസരത്തേക്ക് മാലിന്യങ്ങൾ കടിച്ചു കൊണ്ടിടുന്നതും പതിവ് കാഴ്ചയാണ്
അഴുകിയ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ക്ലാസിൽ ഇരിക്കാൻ അധ്യാപകരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് സി സി ടി വി സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരസമിതി രൂപീകരിച്ച് പ്രതിഷേധം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം