നൂറുകണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന ഇടുക്കി വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പരിതാപകരമായ അവസ്ഥയിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി നിലച്ചു.
അസിസ്റ്റന്റ് സർജൻ ഉൾപ്പെടെ 6 ഡോക്ടർമാർ വേണ്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് താൽക്കാലിക ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. മെഡിക്കൽ ഓഫീസറിന്റെ തസ്തികയിലുള്ള ഡോക്ടർ മാസങ്ങളായി അവധിയെടുത്തിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ആശുപത്രിയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനയ്ക്കെതിരെ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം
കഴിഞ്ഞവർഷമാണ് ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്കും, ഐസലേഷൻ വാർഡും പ്രവർത്തനം തുടങ്ങിയത്. ഏഴു ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയാക്കി വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ മാറ്റുമെന്നായിരുന്നു അന്ന് സർക്കാരിന്റെ ഉറപ്പ്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഒ പി യുടെ പ്രവർത്തനം പോലും വെട്ടിക്കുറച്ചു. മേഖലയിലെ 200 ഓളം രോഗികൾ ദിവസേന ആശ്രയിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം