TOPICS COVERED

ഇടുക്കി വണ്ടിപ്പെരിയാർ ടൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. പശുമല ജംഗ്ഷനിലെ കെ.ആർ.ബിൽഡിംഗിനാണ് തീ പിടിച്ചത്. അഗ്നിശമനസേനയെത്തി തീയണച്ചെങ്കിലും എട്ട് കടകൾ കത്തി നശിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് പശുമല ജംഗ്ഷനിലെ തീ പിടുത്തമുണ്ടായത്. 

ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർ തീ പടരുന്നത് കണ്ട് പീരുമേട് അഗ്നിശമനസേനയിൽ വിവരമറിയിച്ചു. തീ ആളിപ്പടർന്നതോടെ കട്ടപ്പന,കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് കൂടി എത്തി. നാട്ടുകാരുടേയും പൊലീസിന്‍റേയും സഹകരണത്തോടെയാണ് അഞ്ചു മണിയോടെ തീ പൂർണമായും അണച്ചത്.

ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തടികൊണ്ട് നിർമ്മിച്ച പഴയ രണ്ടുനില കെട്ടിടത്തിലുള്ള അഞ്ച് കടകളും ഒരു കമ്പ്യൂട്ടർ സെന്‍ററും ഡ്രൈവിംഗ് സ്കൂളുമാണ്‌ പൂർണമായി കത്തി നശിച്ചത്. ഒന്നര കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.  

ENGLISH SUMMARY:

A fire in Vandiperiyar town near Pashumala Junction caused the destruction of eight shops, a computer center, and a driving school. Preliminary estimates suggest damages of ₹1.5 crore.