idukki

വീടിന് ഭീഷണിയായ മരങ്ങൾ കലക്ടറുടെ അനുമതിയോടെ മുറിച്ചുമാറ്റിയതോടെ റോഡ് നിർമാണം തടഞ്ഞ് വനംവകുപ്പിന്റെ വിചിത്ര നടപടി. ഇടുക്കി വണ്ണപ്പുറം നെയ്യാശ്ശേരി തോക്കൂമ്പൻ റോഡ് നിർമ്മാണമാണ് തടഞ്ഞത്. നാട്ടുകാർ മരം മുറിച്ചതിന് കെ എസ് ടി പി ഉദ്യോഗസ്ഥർക്കെതിരെയും കരാർ കമ്പനി ജീവനക്കാർക്കെതിരെയും വനം വകുപ്പ് കേസെടുത്തു 

 

വീടിന് ഭീഷണിയായ  മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട്  കഴിഞ്ഞ ഓഗസ്റ്റിലാണ് നെയ്യശ്ശേരി സ്വദേശി ബിന്ദുവും സമീപവാസികളും  ജില്ലാ കലക്ടറെ സമീപിച്ചത്. കലക്ടറുടെ അനുമതിയോടെ 20 മരങ്ങൾ നാട്ടുകാർ  മുറിച്ചു. ദുരന്തനിവാരണ നിയമപ്രകാരം മുറിച്ച മരങ്ങളാണെന്ന് സ്ഥാപിക്കുന്ന ഡി പി നമ്പർ ആദ്യം കുറിച്ചെങ്കിലും നാലുമാസത്തിനുശേഷം  ഇത് തിരുത്തി സർക്കാർ തടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് കേസെടുത്തത്. ഇതിന് പിന്നാലെ നെയ്യാശ്ശേരി മുതൽ തോക്കൂമ്പൻ വരെയുള്ള റോഡിലെ വനഭൂമിയിലൂടെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്തെ നിർമാണത്തിന് സ്റ്റോപ്പ്‌ മെമ്മോ നൽകി 

ആദ്യം ഡി പി നമ്പർ രേഖപ്പെടുത്തിയ റേഞ്ച് ഓഫീസർ തന്നെയാണ് പിന്നീട് കേസെടുത്തത്. റോഡ് നിർമ്മാണം മുടങ്ങിയതോടെ മേഖലയിലെ 200 ലേറെ കുടുംബങ്ങൾ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ പിൻവലിച്ചെങ്കിലും ജീവനക്കാർക്കെതിരെ ചുമത്തിയ കേസ് പിൻവലിക്കാതെ റോഡ് നിർമ്മാണം തുടങ്ങില്ലെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വനം വകുപ്പിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകനാണ് നാട്ടുകാരുടെ തീരുമാനം