ഡാമുകളിൽ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള കെ എസ് ഇ ബിയുടെ നീക്കത്തിൽ ഇടുക്കിയിൽ ആശങ്ക ശക്തമാകുന്നു. ജില്ലയിലെ 24 ഡാമുകളുടെ പരിസര പ്രദേശത്ത് താമസിക്കുന്നവരെയാകും തീരുമാനം പ്രതികൂലമായി ബാധിക്കുക. സംസ്ഥാനത്തെ കെ എസ് ഇ ബി ഉടമസ്ഥതയിലുള്ള 59 ഡാമുകളിൽ ബഫർസോൺ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ജലവിഭവ വകുപ്പിന്റെ പരിധിയിലുള്ള ഡാമുകളിൽ ബഫർസോൺ എപ്പെടുത്തുമെന്ന ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിന് പിന്നാലെയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി വൈദ്യുതി വകുപ്പിന്റെ പരിധിയിലുള്ള ഡാമുകളിലും ബഫർസോൺ പരിധി കൂട്ടനുള്ള നീക്കം നടക്കുകയാണെന്ന് വ്യക്തമാക്കിയത്. ഡാമുകളുടെ റിസർവോയറിൽ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തുനിന്ന് 20 മീറ്റർ ചുറ്റളവിൽ സമ്പൂർണ നിർമാണ നിരോധനവും 100 മീറ്റർ ചുറ്റളവിൽ നിർമാണങ്ങൾക്ക് എൻ ഒസി യും ഏർപ്പെടുത്താനാണ് നീക്കം. തീരുമാനം ജില്ലയിലെ 24 ഡാമുകളുടെ സമീപത്തായി താമസിക്കുന്ന പതിനായിരത്തിലധികം കുടുംബങ്ങൾക്ക് തിരിച്ചടിയാകും
ഇടുക്കി ജാലശയത്തിന് സമീപത്തുള്ള പത്ത് ചെയിൻ മൂന്ന് ചെയിൻ ഭാഗത്ത് പട്ടയം വിതരണം ചെയ്യുമെന്ന് കഴിഞ്ഞമാസം റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ബഫർ സോൺ പരിധി കൂട്ടിയാൽ മേഖലയിലെ അയ്യായിരത്തോളം കൈവശക്കാരുടെ പട്ടയമെന്ന സ്വപ്നം വാഗ്ദാനത്തിലൊതുങ്ങും. കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖലയിൽ എണ്ണായിരത്തോളം ആളുകളാണ് താമസിക്കുന്നത്. ഇവിടെ 3500 കുടുംബങ്ങൾക്കാണ് ഇനിയും പട്ടയം നൽകാനുള്ളത്. ഏറ്റവും അധികം ഡാമുകളുള്ള ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു പോയാൽ പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം