പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ കർശനപരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വൈക്കം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിലെ 32 വാഹനങ്ങളുടെ പരിശോധനയാണ് ആദ്യദിനത്തിൽ നടന്നത്. പരിശോധന നടത്തിയ ശേഷം മോട്ടോർ വാഹന വകുപ്പ് നൽകുന്ന സ്റ്റിക്കർ പതിപ്പിച്ച് മാത്രമെ സ്കൂൾ വാഹനങ്ങൾക്ക് ഇനി സർവ്വീസ് നടത്താനാവൂ.
വൈക്കം ജോയിന്‍റ് ആർ ടി ഒ യുടെ കീഴിൽ വരുന്ന സ്കൂൾ കോളജ് വാഹനങ്ങളുടെ പരിശോധനക്കാണ് തുടക്കമായത്. വാഹനങ്ങളുടെ രേഖകൾ, ജിപിഎസ്, സ്പീഡ് ഗവർണർ, ഫയർ സംവിധാനങ്ങൾ തുടങ്ങി വാഹനങ്ങളിലെ ഇരിപ്പിട സംവിധാനങ്ങളടക്കം പരിശോധിച്ചാണ് അനുമതി നൽകുന്നത്. ആദ്യദിനത്തിൽ ഒന്നു മുതൽ അയ്യായിരം വരെ റജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങളാണ് പരിശോധിച്ചത്. ജൂൺ ഒന്നിന് ബാക്കി വാഹനങ്ങളുടെ പരിശോധന നടത്തും.
അഞ്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ആദ്യദിന പരിശോധന നടന്നത്. ജൂൺ മാസം മുതൽ ഈ സ്റ്റിക്കർ പതിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കം. നാളെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആയി ബോധവൽക്കരണ ക്ലാസ്സും മോട്ടോർ വാഹന വകുപ്പ് വൈക്കത്ത് നടത്തും.