pala-tree

TOPICS COVERED

തോടിന് കുറുകെ വീണ പാഴ്മരം ഒഴുക്കിന് തടസ്സമായതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് ഒരു പ്രദേശം. പാലാ മീനച്ചില്‍ പഞ്ചായത്തിലെ കരോട്ടുകടവിന് സമീപമാണ് നിരവധി കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ കഴിയുന്നത്. മൂന്നാഴ്ച മുന്‍പാണ് ഓരോ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുന്ന പൊന്നൊഴുകുംതോടിന് കരയിലെ കൂറ്റന്‍ പാഴ്മരം തോടിന് കുറുകെ മറിഞ്ഞുവീണത്. കരോട്ട് കടവ് പാലത്തിലും റോഡിലുമായി വീണ മരം ഫയര്‍ഫോഴ്‌സെത്തിയാണ് ശിഖരങ്ങള്‍ മുറിച്ചത്. എന്നാല്‍ വലിയ തടി വെള്ളത്തില്‍ കിടക്കുന്നതോടെ മാലിന്യം പ്രദേശത്ത് കുന്നുകൂടി തുടങ്ങി.

 

തോട്ടില്‍ വെള്ളം കുറഞ്ഞുനിന്ന സമയത്ത് മരം വെട്ടിമാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഇപ്പോഴാകട്ടെ, മഴ മാറിയാലേ വെട്ടിമാറ്റാനാകൂ  എന്നാണ് പഞ്ചായത്ത് പറയുന്നത്. ഓരോ മഴക്കാലത്തും വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്ന റോഡാണ് ഇടമറ്റം പൂവത്തോട് റോഡ്. മരം കൂടി തോട്ടില്‍ കിടക്കുന്നതോടെ വരാനാരിക്കുന്ന ശക്തമായ മഴയില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ പേടി.മരം മുറിച്ചുനീക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായും ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍  മരം നീക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.