കേന്ദ്ര ടൂറിസം മാപ്പിൽ ഇടംനേടുന്നതും കാത്ത് കോട്ടയത്തിന്റെ മലയോര ടൂറിസംകേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും. ടൂറിസം മാപ്പിൽ ഇടം നേടുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ മുഖച്ഛായ തന്നെ മാറ്റാമെന്നാണ് ജനപ്രതിനിധികളുടെയും കണക്കുകൂട്ടൽ. സഞ്ചാരികളുടെ മനം കവരുന്ന ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇവ.
ഇരുവശവും പച്ചപ്പരവതാനി തീർത്ത മലകൾക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന വഴി.. ഒടുവിൽ കോടമഞ്ഞിനിടയിലൂടെ അതിമനോഹരമായ കാഴ്ച. ഹിൽ സ്റ്റേഷൻ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായി ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും വളർന്നിട്ട് ഏറെക്കാലമായെങ്കിലും ഇനിയും പോകാൻ ദൂരം ഏറെയുണ്ട്.. കേന്ദ്ര ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നതോടെ സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായി ഇവിടം വളരുമെന്ന് സ്ഥലം എംഎൽഎയുടെ ഉറപ്പ്
ഈരാറ്റുപേട്ടയിൽ എത്തിയാൽ 19 കിലോമീറ്റർ സഞ്ചരിച്ച് ഇല്ലിക്കൽ കല്ലിലെത്താം... അവിടെനിന്ന് 12 കിലോമീറ്റർ മാത്രം മതി ഏറ്റവും മനോഹരമായ ആകാശക്കാഴ്ച നൽകുന്ന സംസ്ഥാനത്തെ ആദ്യ പൊലീസ് വൈറസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലേക്ക്.
രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളും നിരവധി സിനിമ ചിത്രീകരണങ്ങൾക്ക് വേദിയായിട്ടുണ്ടെങ്കിലും താമസസൗകര്യങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി.ടൂറിസം പട്ടികയിൽ ഇടം നേടുന്നതോടെ വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികളുടെ വലിയ തിരക്ക് ഇവിടേക്കും നീളും.. ഇതോടെ റോഡുകളുടെയും മറ്റ് വികസനങ്ങളുടെയും വഴിതെളിയും..സുരേഷ് ഗോപിയെ കണ്ട കോട്ടയം എംപി ഫ്രാൻസിസ് ജോർജിനും മാണി സി.കാപ്പൻ എംഎൽഎയ്ക്കും അനുകൂലനടപടിയുടെ സൂചനകൾ കിട്ടിയിട്ടുണ്ട്..