TOPICS COVERED

പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ പല തവണ പറഞ്ഞു മടുത്തിട്ടും അധികൃതർ  കണ്ടഭാവം നടിച്ചില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും.. സ്ഥലം എംഎൽഎയുടെ വീടിനുമുന്നിൽ പഴങ്കഞ്ഞി കുടിച്ചായിരുന്നു നാട്ടുകാരുടെയും സമരസമിതിയുടെയും പ്രതിഷേധം. മുണ്ടക്കയത്തെ കരിനിലം - പശ്ചിമ - കൊട്ടാരംകട - കുഴിമാവ് റോഡ് നിര്‍മാണം വൈകുന്നതിനെതിരെ രണ്ടാംഘട്ട സമരത്തിലാണ് സമരസമിതി.

മലയാളികൾ ഒന്നാകെ ഓണം ആഘോഷിക്കുമ്പോൾ പഴങ്കഞ്ഞി കുടിച്ച് സമരം ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കിയത് ഉത്തരവാദിത്വമില്ലാത്ത ജനപ്രതിനിധികളാണെന്നാണ് സമരസമിതി പറയുന്നത്.. കരിനിലം- പശ്ചിമ- കൊട്ടാരം കട-കുഴിമാവ്  റോഡ് നാലുവർഷമായിട്ടും ശരിയാകാത്തതിനാൽ  പൂഞ്ഞാര്‍ എംഎല്‍എ  സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ വസതിക്ക് മുന്നിലായിരുന്നു സമരസമിതി പ്രതിഷേധം. നടപടികൾ വേഗത്തിൽ ആക്കാൻ ഇടപെടുമെന്ന് പറഞ്ഞ  എംഎൽഎ ഒന്നും ചെയ്തില്ലെന്നും പരാതി. 

പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിൽ നാളികേരമുടച്ച് പ്രതിഷേധം ഉൾപ്പെടെ  സമര പരമ്പരകൾ  ഏറെകണ്ടെങ്കിലും റോഡ് നിർമ്മാണത്തിനായി  അനുവദിച്ച പണത്തിന് ഭരണാനുമതി കിട്ടിയിട്ടില്ലെന്ന് സമരക്കാർ പറയുന്നു. റോഡ് പണി ആരംഭിക്കുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

ENGLISH SUMMARY:

The road is broken; Protest by drinking stale porridge in front of MLA's house