TOPICS COVERED

അറ്റകുറ്റപണിക്ക് പണമില്ലാതെ പഴയ ഫ്ലക്സ് പൊതിഞ്ഞ  മേൽക്കൂരക്ക് കീഴെ വിദ്യാർഥികളെ പഠിപ്പിച്ച്  ഒരു സർക്കാർ സ്കൂൾ.. വൈക്കം വെച്ചൂർ ദേവി വിലാസം ഹയർ സെക്കൻ്ററി സ്‌കൂളിലെ യുപി വിദ്യാർത്ഥികൾക്കാണ് ഈ അവസ്ഥ. കോട്ടയം ജില്ലാപഞ്ചായത്തിന്‍റെ കീഴിലുള്ള സ്കൂളിൽ കഴിഞ്ഞ വർഷം അറ്റകുറ്റ പണിക്കുള്ള പണം നൽകാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം.

അഞ്ച് ക്ലാസ്സുകളിലായി ഇരുന്നൂറ്  വിദ്യാർത്ഥികൾക്ക്  ഇരുന്ന് പഠിക്കാനുള്ള കെട്ടിടത്തിന്‍റെ മേൽക്കൂരയാണിത്. പൊട്ടിയ ഓടിനിടയിലൂടെ വെയിലും മഴയും ഏൽക്കാതിരിക്കാനാണ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പഴയ ഫ്ലക്സ് മേൽക്കൂരയാക്കേണ്ടി വന്നത്. ആധുനിക ക്ലാസ്മുറികൾ ചൂണ്ടിക്കാട്ടി  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേനി പറയുന്ന ഭരണകർത്താക്കളുടെ മുന്നിൽ സമർപ്പിക്കുകയാണ് ഈ കാഴ്ചയും ഇവർക്ക് പറയാനുള്ളതും.

കുട്ടികളുടെ കളിസ്ഥലത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്‍റെ ഓടുകൾ പൊട്ടുന്നത് പതിവായതോടെ അധ്യാപകർ തന്നെയാണ് അറ്റകുറ്റപ്പണി നടത്തിയിരുന്നത്.കെട്ടിടത്തിന്‍റെ  മേൽക്കൂര ഷീറ്റ് ഇടാനായി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിരുന്നു. എന്നാൽ അധികൃതർ  കഴിഞ്ഞ വർഷം അഞ്ച് നയാ പൈസ നൽകാൻ തയ്യാറായില്ല.

ഇതോടെ അദ്ധ്യാപകരെല്ലാം ചേർന്ന് ഒന്നരലക്ഷം രൂപ മുടക്കി സ്കൂളിലെ അറ്റകുറ്റ പണികൾനടത്തുകയായിരുന്നു. എന്നിട്ടും കാശ് തികയാതെ വന്നതോടെയാണ് അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് പഴയ ഫ്ലക്സ് ഓടിന് മുകളിൽ പൊതിഞ്ഞ് കെട്ടി ചോർച്ചയും വെയിലും തടഞ്ഞത്. ഒന്നു മുതൽ പത്ത് വരെ 706 കുട്ടികളും പ്ലസ്ടു വിന് 200 ഉുo നഴ്സറിയിൽ 120 ഉും കുട്ടികൾ പഠിക്കുന്ന സ്കൂളിലാണ് ഈ ദുരവസ്ഥ.