എന്റെ കൊച്ച്, എന്റെ പൊന്നു എന്നാണ് രാഗിണിയമ്മ ഷഫീഖിനെ വിളിക്കുന്നത്. അതെ പൊന്നുപോലെയാണ് രാഗിണി അവനെ ഈ 11 വര്‍ഷക്കാലം പോറ്റിയത്. നൊന്തുപ്രസവിച്ചതല്ല, പക്ഷേ രാഗിണി നൊന്തുവിളിച്ചു ഈ കാലമത്രയും എന്റെ കൊച്ചിനെ കാത്തോണേയെന്ന്. രാവും പകലും ഊണിലും ഉറക്കത്തിലും അവന് കൂട്ടായി, താങ്ങായി, തണലായി,ചങ്ങാതിയായി. ആയ അല്ല അമ്മ തന്നെ. ഇന്ന് നടക്കാനോ സംസാരിക്കാനോ സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ അവന് പ്രാപ്തിയില്ലെങ്കിലും അവന്‍ ഈ ലോകത്തില്‍ ഏറ്റവും സ്നേഹമയിയായ ഒരമ്മയെ നേടിക്കഴിഞ്ഞു. ഈ ജീവിതത്തിലെ അവന്റെ മൂല്യമാര്‍ന്ന നേട്ടം.
2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെ പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും, തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളർച്ചയെ സാരമായി ബാധിച്ചു.
151 മുറിവുകളാണ് കൊച്ചുഷഫീഖിന്റെ ശരീരത്തിലാകമാനം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, എല്ല് പൊടിഞ്ഞുപോകും വിധമുള്ള മര്‍ദനം, മലദ്വാരത്തില്‍ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, അഞ്ചുവയസുകാരന്‍ ഷഫീഖിനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് അന്ന് കേരളം കേട്ടത്. ഒരു ഘട്ടത്തില്‍ അവന്‍ നമ്മളെ വിട്ടുപോകുമെന്ന് പോലും വന്നു. പക്ഷേ അന്നുമുതല്‍ അവനെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്താന്‍ നഴ്സ് ആയിരുന്ന, ആയയായിരുന്ന രാഗിണി തയ്യാറായി. ഇന്ന് ഷഫീഖിന് മാത്രം അര്‍ഹതപ്പെട്ട രാഗിണിയമ്മ.
വീടിനു സമീപത്തുവച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരുക്കേറ്റു എന്നാണ് പിതാവും രണ്ടാനമ്മയും അന്ന് ഡോക്ടറോട് പറഞ്ഞത്. പക്ഷേ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് ഷഫീഖ് അനുഭവിച്ച കൊടിയവേദന പുറത്തുകൊണ്ടുവന്നത്. ഇന്ന് കിടന്ന കിടപ്പില്‍ തന്നെയാണ് മലമൂത്രവിസര്‍ജനമുള്‍പ്പെടെ നടക്കുന്നത്. അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതയില്‍ മസ്തിഷ്കം തളര്‍ന്നു. മാനസികവൈകല്യം സംഭവിച്ചു. കൊടുംകുറ്റവാളികള്‍ പോലും ഇത്രയും വേദന അനുഭവിച്ചുകാണില്ലെന്ന് രാഗിണി പറയുന്നു.
‘അവന്‍ എഴുന്നേറ്റു നടന്നിരുന്നെങ്കില്‍ എന്ന് എപ്പോഴും ചിന്തിക്കും. എന്നും ഉള്ളുകരിയുന്ന അമ്മയാണ്, ചികിത്സാ സമയത്ത്, ഫിസിയോതെറാപ്പി സമയത്തും വേദന കൊണ്ട് എന്റെ കുഞ്ഞ് അലറിക്കരഞ്ഞു..മഴ, വെയില്‍,പകല്‍,രാത്രി, ഓണം,വിഷു, ഇതൊന്നും എനിക്കോ എന്റെ കൊച്ചിനോ അറിയില്ല, വേദനയുടെ കടലുകള്‍ എത്ര താണ്ടി ഞങ്ങള്‍... എന്റെ കുഞ്ഞിനു പുറംലോകം കാണാനാകാത്ത ജീവിതമായിപ്പോയല്ലോ എന്നോര്‍ത്ത് എന്നും കരയും. എങ്കിലും , അവന്റെ പെറ്റമ്മയായി മാറിയില്ലേ ഞാന്‍ ?’ ഇതാണ് രാഗിണി തന്റെ നേട്ടമായി ലോകത്തോട് പറയുന്നത്. മനസാക്ഷി മരവിച്ച ലോകം ഈ അമ്മ്യ്ക്ക് മുന്‍പില്‍ മുട്ടുകുത്തി തൊഴുതുകേണ്നില്‍ക്കണം...
ക്രൂരമര്‍ദനംമൂലം അഞ്ചുവയസുകാരന്‍ ഷഫീഹിന്‍റെ ശരീരം തളര്‍ന്ന കേസില്‍ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടത് വിധിച്ചു. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അലീഷ എന്നിവര്‍ക്കെതിരായ ശിക്ഷ പിന്നീട് വിധിക്കും.