കുടിവെള്ളക്ഷാമത്തിന്‍റെ പേരില്‍ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്കെതിരെ രോഷം കൊണ്ട് സിപിഎം നേതാവ്. പ്രശ്നത്തില്‍ ഇടപെടാത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പാർട്ടി ഒപ്പമുണ്ടാകുമെന്നുമാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭീഷണി. വൈക്കം, വെള്ളൂർ പഞ്ചായത്തുകളിലെ രണ്ട്, മൂന്ന്, നാല് വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാതെ കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്ന ജീവനക്കാർക്കെതിരെയാണ് വെള്ളൂരിൽ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി ഉയർത്തിയത്. ചവിട്ടിപ്പൊളിച്ച് അകത്തുവന്ന് നിന്നെയൊക്കെ ജനം കൈകാര്യം ചെയ്യുമെന്നും അന്നൊന്നും ഈ പൊലീസൊന്നും കാണില്ലെന്ന് സിപിഎം ലോക്കൽ കമ്മറ്റിയംഗം ഉദ്യോഗസ്ഥരോട് പറഞ്ഞു. വെള്ളൂർ-വെളിയന്നൂർ കുടിവെള്ള പമ്പിംഗ് കേന്ദ്രത്തിലേക്കായിരുന്നു പ്രതിഷേധം.
പമ്പിംഗ് കേന്ദ്രത്തിനുമുന്നിൽ പത്ത് ദിവസമായി പൈപ്പ് പൊട്ടിക്കിടന്നിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്ന ഉദ്യോഗസ്ഥരുടെ മറുപടിയാണ് സിപിഎം പ്രവർത്തകനായ ജിജോ മാത്യുവിനെ രോഷം കൊള്ളിച്ചത്. പമ്പിംഗ് കേന്ദ്രമുണ്ടായിട്ടും വെള്ളൂരിലെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥ അനാസ്ഥയാണ് പലപ്പോഴും കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് വ്യാപക പരാതിയുണ്ട്.