വൈക്കത്ത് പനി വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ രണ്ട് സ്കൂൾ വിദ്യാർഥികളാണ് പനിബാധിച്ച് മരിച്ചത്. സ്കൂൾ വിദ്യാർഥികളിൽ എച്ച് വൺ എൻ വൺ ഉൾപ്പെടെ വ്യാപിക്കാൻ തുടങ്ങിയിട്ടും ബോധവൽക്കരണങ്ങളോ ക്രമീകരണങ്ങളോ ആരോഗ്യവകുപ്പ് നടപ്പിലാക്കിയിട്ടില്ല.
ആറാട്ടുകുളങ്ങര സ്വദേശിയും വൈക്കം ആശ്രമം സ്കൂൾ വിദ്യാർഥിയുമായ പതിമൂന്ന് വയസുകാരൻ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ചെമ്മനത്തുകര സർക്കാർ യു.പി. സ്കൂളിലെ പതിനൊന്ന് വയസ്സുകാരിയും വെള്ളിയാഴ്ച പനി ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടു.എന്നാൽ മരണകാരണം പനിയെന്ന് ആരോഗ്യ വകുപ്പ് പറയുന്നില്ല.
മുതിർന്നവർക്കും കുട്ടികൾക്കുമിടയിൽ എച്ച് വൺ എൻ വൺ വ്യാപിക്കുന്നതായാണ് ആശുപത്രി അധികൃതർ അനൗദ്യോഗികമായി പറയുന്നത്. എച്ച് വൺ എൻ വൺ ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്താലും പ്രത്യേകമായ പരിചരണം കിട്ടുന്നില്ല.
ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർക്കും രോഗലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വേണ്ട കരുതൽ കിട്ടുന്നില്ലെന്ന് പറയുന്നു.രോഗം പടരാതിരിക്കാനുള്ള ക്രമീകരണങ്ങളോ നിർദ്ദേശങ്ങളോ സ്ഥലത്ത് ചെയ്തിട്ടില്ല. പ്രദേശത്ത് പനി വ്യാപകമാകുന്നതിനാൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ.