TOPICS COVERED

വൈക്കം വെച്ചൂരിലെ മുച്ചൂർകാവിൽ ഗുണ്ടാ സംഘങ്ങളെ താമസിപ്പിക്കുന്ന കുടുംബത്തിനെതിരെ പ്രതികരിച്ച സ്ത്രീക്ക് നേരെ വധശ്രമം.  ഗുണ്ടാ സംഘങ്ങൾ തമ്പടിക്കുന്ന വീട്ടിലെ സ്ത്രീയാണ് പ്രദേശവാസിയായ വീട്ടമ്മയെ തള്ളിവീഴ്ത്തി തലക്ക് കല്ലിനിടിച്ചതെന്നാണ് പരാതി..കല്ല് കൊണ്ട് തലക്ക് ഇടിയേറ്റ വീട്ടമ്മ ചികിൽസയിലാണ്.

ഇന്നലെ വൈകിട്ട് മുച്ചൂർക്കാവ് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.  

ഗുണ്ടാ ശല്യത്തെ തുടർന്ന് നൽകിയ പരാതിക്ക് പിന്നാലെയുള്ള വാക്ക് തർക്കത്തിലാണ് ആക്രമണം... ഗുണ്ടാ വിളയാട്ടം മാധ്യമങ്ങളിൽ വാർത്തയായതോടെ നാണക്കേടായെന്നു  പറഞ്ഞ്  കൈയ്യേറ്റം ചെയ്യുകയായിരുന്നു...  പ്രദേശത്തുണ്ടായിരുന്ന മറ്റ് സ്ത്രീകൾ പിടിച്ചുമാറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തലയ്ക്കേറ്റ മുറിവിൽ ആറ് തുന്നലുകളിട്ട വീട്ടമ്മ വിശ്രമത്തിലാണ്.ഇതോടെ മാധ്യമങ്ങളോട് പ്രതികരിക്കാനും  ഭീതിയിലാണ് നാട്ടുകാർ. 

പരുക്കേറ്റയാളുടെ പേരുകളോ ദൃശ്യങ്ങളോ പുറത്തു വരാനും  ഇവർ ഭയപ്പെടുന്നു.. ഗുണ്ടാസംഘങ്ങളെ ചോദ്യം ചെയ്ത നാട്ടുകാരനായ ഒരു യുവാവിന് ആഴ്ചകൾക്കു മുൻപ് കുത്തേറ്റിരുന്നു. മുച്ചൂർ കാവിലെ ഒരു വീട്ടിലാണ് ഗുണ്ടാസംഘങ്ങൾ സ്ഥിരമായി എത്തുകയും തമ്പടിക്കുകയും ചെയ്യുന്നത്..നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരംഭിച്ച പൊലീസ് പട്രോളിങ് വെറും പ്രഹസനമായെന്നും പരാതി..

വെച്ചൂർ പഞ്ചായത്ത് ഇടപെട്ട് സർവ്വകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും ജില്ല ഭരണകൂടവും പൊലീസ് മേധാവിയും ഇടപെട്ട്  നാട്ടുകാരുടെ  ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്. 

ENGLISH SUMMARY:

Assassination attempt on a woman who responded against a family that harbors gangsters in Muchurkavi