ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. വൈക്കം മഹാദേവക്ഷേത്രത്തിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്തിലുള്ള മേള വിസ്മയത്തിന്റെ അകമ്പടിയിൽ കാഴ്ചശ്രീബലി ചടങ്ങ് പൂർത്തിയായി. നാളെ പുലർച്ചെ നാലരയ്ക്കാണ് അഷ്ടമി ദർശനം.
കൊമ്പ്, കുഴൽപറ്റ് എന്നീ ക്ഷേത്രവാദ്യങ്ങൾ അണിനിരത്തിയുള്ള മേജർ സെറ്റ് പഞ്ചാരി മേളമാണ് കാഴ്ചശ്രീബലിക്ക് അകമ്പടിയായത്. പെരുവനം കുട്ടൻമാരാരും നൂറിലധികം കലാകാരൻമാരും ചേർന്നായിരുന്നു പഞ്ചാരി കൊട്ടിക്കയറിയത്.
തെക്കേതിരുമുറ്റത്ത് നടന്ന മേള പെരുക്കത്തിനിടെ നടന്ന കുടമാറ്റം കാഴ്ചശ്രീബലിയുടെ വർണ്ണം കൂട്ടി. രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ നീണ്ടുനിൽക്കുന്ന ഏറ്റവും ദൈർഘ്യമേറിയ വലിയ ശ്രീബലി കൂടി പൂർത്തിയായതോടെ ഇനി അഷ്ടമി ദർശനത്തിനായുള്ള കാത്തിരിപ്പാണ്.
Also Read; റോഡും ശുചിമുറിയും ഇല്ലാതെ സഞ്ചാരികളുടെ പറുദീസയായ ഇലവീഴാപൂഞ്ചിറ
നാളെ പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. വൃശ്ചിക മാസത്തിലെ അഷ്ടമിനാളിൽ ക്ഷേത്രത്തിലെ കിഴക്കേ ആൽത്തറയിൽ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ദർശനം നൽകിയെന്നാണ് വിശ്വാസം. അഷ്ടമിദിനം രാത്രിയിലാണ് അഷ്ടമി വിളക്ക് നടക്കുക. അഷ്ടമി വിളക്കിന് ശേഷം പുലർച്ചെ വിട പറയൽ ചടങ്ങോടെ ആഘോഷങ്ങൾ പൂർത്തിയാകും.