പത്ത് വർഷത്തെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ സിപിഐയ്ക്ക് പ്രസിഡന്‍റ് സ്ഥാനം കിട്ടി. ധാരണപ്രകാരം സിപിഎം പ്രതിനിധി ഒഴിഞ്ഞതോടെ റ്റി.വി പുരം ഡിവിഷനിൽ നിന്ന് ജയിച്ച എസ്.ബിജു പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു. അർഹതപ്പെട്ട പ്രസിഡന്റ് സ്ഥാനം കിട്ടാതെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന സിപിഐയുടെ സമ്മർദ്ദങ്ങൾക്കൊടുവിലായിരുന്നു ഭരണകാലാവധിയിൽ ധാരണയായത്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പതിമൂന്ന് ഡിവിഷനുകളിൽ എട്ടെണ്ണവും നേടിയ സിപിഎമ്മിനാണ് അംഗങ്ങളിൽ മേൽക്കൈ. അതുകൊണ്ടുതന്നെ മറ്റിടങ്ങളിലെ പോലെ ഭരണത്തിന് കാലാവധി വേണമെന്ന സിപിഐയുടെ നിലപാട് തള്ളിയായിരുന്നു സിപിഎമ്മിന്‍റെ ഭരണം.
പത്ത് വർഷമായുള്ള സി.പി.എം ഭരണത്തിൽ സിപിഐയുടെ പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പുറത്തുവന്നിരുന്നു.. ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനമടക്കമുള്ള ഒരു ഭരണനേതൃത്വ സ്ഥാനങ്ങളും ഏറ്റെടുക്കാതെയായിരുന്നു സിപിഐയുടെ പ്രതിഷേധവും സമ്മർദ്ദവും. ഒടുവിൽ മുന്നണി ചർച്ചയിൽ സിപിഐക്ക് പ്രസിഡന്‍റ് സ്ഥാനം നൽകാമെന്ന ധാരണയായതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് തന്നെ.
സിപിഎമ്മിലെ കെ.കെ. രഞ്ജിത്ത് കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞതോടെയാണ് റ്റി.വി. പുരം ഡിവിഷനിൽ നിന്ന് ജയിച്ച CPIഅംഗം എസ്.ബിജു പ്രസിഡന്റ് ആയത്. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സി.കെ ആശ എംഎല്‍എ ഉൾപ്പെടെയുള്ള നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.