കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ പാടങ്ങളിൽ വെള്ളം കയറിയതോടെ നെൽകൃഷി നാശം.വിത നടന്നുകൊണ്ടിരുന്ന നീണ്ടൂർ വടക്കേതാഴത്ത്കുഴി പാടശേഖരത്ത് മട വീണു. കൈപ്പുഴ നാനൂറ്റുംപടവ് പാടശേഖരത്തിൽ കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി
മഴ മാറിയെങ്കിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നത് നെൽകൃഷിയെ സാരമായി ബാധിച്ചു. മട വീണതിനെ തുടർന്ന് വെള്ളം കയറി ഏക്കർ കണക്കിന് പ നെൽകൃഷി നശിച്ചു. കൊയ്ത്തിനു പാകമായ നെല്ലും, വിത നടന്നിരുന്ന പാടവും എല്ലാം വെള്ളത്തിലായത്തോടെ കർഷകർക്കുണ്ടായിരിക്കുന്നത് വലിയ നഷ്ടം.100 ഏക്കറോളം വിത പൂർത്തിയായിരുന്നതായാണ് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നത്. മടവീഴ്ചയെ തുടർന്ന് വെള്ളം ഇരച്ചു കയറി വിതച്ചതെല്ലാം ഒലിച്ചുപോയി.
കൈപ്പുഴ പൊൻകുഴി പാടശേഖരത്തും മട വീഴ്ചയെ തുടർന്ന് കൃഷി നാശമുണ്ട്.വെള്ളം വറ്റിച്ച് വീണ്ടും നിലമൊരുക്കാതെ ഇനി വിത നടക്കില്ല.. പുറംബണ്ട് നന്നാക്കലിനും നിലമൊരുക്കലിനും വിത്ത് വാങ്ങാനുമൊക്കെയായി വീണ്ടും വലിയ തുക കർഷകർ ചിലവാക്കേണ്ടതുണ്ട്. സർക്കാരിൽ നിന്ന് ഇതിനായി അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.കൃഷിഭവന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് നടന്നുവരികയാണ്.