വൈക്കത്ത് വേലിയേറ്റം ശക്തമായതോടെ നെൽകൃഷി വെള്ളത്തിൽ. ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടത്ത് 200 ഏക്കർ നെൽകൃഷി വെള്ളത്തിലായി. നൂറുകണക്കിന് വീടുകൾ മലിനജലത്തിൽ ചുറ്റപ്പെട്ടതോടെ പകർച്ചവ്യാധി ഭീഷണിയും ശക്തമാണ്.
125 കർഷകർ കൃഷിയിറക്കിയ മാനാപ്പള്ളി പാടത്ത് 45 ദിവസമെത്തിയ ഞാറുകളാണ് ശക്തമായ വേലിയേറ്റത്തിൽ വെള്ളത്തിലായത്. ആറര കിലോമീറ്റർ പുറം ബണ്ട് പല ഭാഗത്തും കവിഞ്ഞൊഴുകിയാണ് കൃഷി വെള്ളത്തിലായത്. രണ്ട് മോട്ടോറുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് കർഷകർ ഞാറുകൾ സംരക്ഷിക്കാൻ പെടാപാട് പെടുന്നത്. കരിയാർ സ്പില്‍വേ അടച്ചതോടെയാണ് കർഷകർക്ക് അല്പമെങ്കിലും ആശ്വാസമായത്. വാഴമനയിൽ ഓരുമുട്ട് സ്ഥാപിച്ചാലെ പ്രശ്നം പരിഹരിക്കാനാവു എന്ന് നാട്ടുകാർ.
അർദ്ധരാത്രിയോടെ ഉണ്ടാകുന്ന ശക്തമായ വേലിയേറ്റമാണ് കായലോര മേഖലയിലെ വീടുകൾ വെള്ളത്തിലാക്കുന്നത്. നേരെ കടവിലും തുരുത്തുമ്മയിലും, വാഴമനയിലും പ്രതിസന്ധി രൂക്ഷമാണ്. വേലിയേറ്റ ശക്തി കുറയുന്നതോടെ വെള്ളമിറങ്ങുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ശാസ്ത്രീയ നടപടികൾ വേണമെന്നാണ് ആവശ്യം.