പാതിവില തതട്ടിപ്പിന് ഇരയായ 200 ഓളം പേർ പങ്കെടുത്ത സംഗമം ഈരാറ്റുപേട്ടയില്‍ നടന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമെന്നാണ് തട്ടിപ്പിനിരയായവരുടെ പ്രതികരണം. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരെ ചേർത്ത് വോയിസ് ഫോർ ജസ്റ്റിസ് എന്ന പേരിൽ സംഘടന രൂപീകരിച്ചാണ് പണം നഷ്ടമായവരുടെ തുടർനീക്കങ്ങൾ.
പാതിവിലത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും ഇരകളാക്കപ്പെട്ടവരുടെ ആശങ്കകൾ ഇപ്പോഴും നിലനില്‍ക്കുകയാണ്. രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയുംഒഴിവാക്കി കൊണ്ടുള്ള അന്വേഷണം പ്രഹസനമാണെന്നാണ് ഇരകൾ പറയുന്നത്.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയുള്ള അന്വേഷണത്തിനെതിരെയാണ് യോഗം പ്രതിഷേധിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തവും സഹകരണവും കണ്ടു വിശ്വസിച്ചാണ് സാധാരണക്കാർ പണം നൽകിയതെന്നും നേതാക്കളെ ഒഴിവാക്കിയുള്ള അന്വേഷണം ഫലപ്രദമാകില്ലെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. ഈരാറ്റുപേട്ടയിലെയും സമീപത്തെ എട്ടോളം പഞ്ചായത്തുകളിലെയും 200 ലധികം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. മേഖലയിൽ 800 ലധികം പേർക്ക് പണം നഷ്ടമായതായാണ് വിലയിരുത്തൽ. ഇതിൽ തന്നെ കൂടുതലും സ്ത്രീകളാണ്.