നെല്ല് സംഭരണം വൈകിയതിനൊപ്പം വേനൽ മഴ കൂടിയെത്തിയതോടെ വൻ പ്രതിസന്ധിയിലാണ് കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിലെ നെൽകർഷകർ. സംഭരിക്കാതെ കൂട്ടിയിട്ട നെല്ല് മുഴുവൻ നനഞ്ഞു പോയതോടെ അടുത്ത തവണ കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും ഉദ്യോഗസ്ഥരോ സർക്കാരോ ഒന്നും ചെയ്യുന്നില്ലെന്ന് കർഷകർ
38 കൊല്ലമായി നെൽകൃഷിയാണ് കോട്ടയം ചെങ്ങളം സ്വദേശി ലാലുവിന്‍റെ ഉപജീവനമാർഗ്ഗം. പണം കടം വാങ്ങിയാണ് ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയത്.എന്നാൽ പ്രതീക്ഷയുടെ ആ അമിതഭാരം ഇന്ന് കടക്കെണിയാണ്. ഇത് ഒരു കർഷകന്‍റെ മാത്രം കഥയല്ല.. ലാലുവിനെപ്പോലെ നടുവിലേക്കരി - മാടെക്കാട് പാടശേഖരത്തിൽ കൃഷി ചെയ്ത കർഷകരുടെയെല്ലാം സങ്കടം ഇതുതന്നെയാണ്.പാടശേഖരത്തിലെ 50 ഏക്കറിലധികം വരുന്ന നെല്ല് ഇനിയും സംഭരിക്കാനുണ്ട്. നെല്ല് സംഭരിക്കാനെത്തുന്ന ഏജന്‍റുമാർ നിലവിൽ ആവശ്യപ്പെടുന്നത് 25 കിലോ കിഴിവാണ്. 100 കിലോ നെല്ല് കൊടുക്കുന്ന കർഷകർക്ക് കിട്ടുക 75കിലോ നെല്ലിന്റെ വില മാത്രം.
വേനൽ മഴ എത്തിയതോടെ നെല്ലിന്‍റെ ഈർപ്പം 20 ശതമാനത്തിലെത്തിയതാണ് കാരണം.നെല്ല് സംഭരിക്കാൻ വേനൽ മഴ എത്തുന്നതിനു മുൻപും സമയം ഉണ്ടായിരുന്നു.ഏജന്‍റുമാരുടെ വിലപേശലിനെ തുടർന്നുണ്ടായ തർക്കങ്ങൾക്കിടെ നെല്ല് സമയത്ത് സംഭരിക്കാൻ കഴിഞ്ഞില്ല .നെല്ല് 25 കിലോ കിഴിവിന് കൊടുക്കേണ്ടെന്നാണ് കർഷകരുടെ തീരുമാനം. അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ നെല്ല് ചാക്കിൽ കെട്ടി സൂക്ഷിക്കാനാണ് തീരുമാനം.കോട്ടയം പാഡി ഓഫീസിനു മുന്നിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് കർഷകർ.