നെല്ല് വില കൂട്ടാതെ കൂലി വർധിപ്പിച്ചത് കുട്ടനാടൻ കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷകർ. ക്വിന്‍റലിന് 95 രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് നെൽ കർഷകർ വ്യാഴാഴ്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
നെൽവില ഒരു രൂപ പോലും വർധിപ്പിക്കാതെ ഇത് രണ്ടാം തവണയാണ് കൂലി കൂട്ടിയത്. അടുത്തമാസം അവസാനം മുതൽ കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിക്കും. ഒരു ക്വിന്‍റലിന് 95 രൂപയുടെ അധിക ബാധ്യതയാണ് കർഷകർക്കുണ്ടാകുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉൽപാദന ചിലവ് ഇരട്ടിയിൽ അധികമാണ്. രാസവളത്തിന്‍റേതടക്കം സബ്സിഡികൾ പലതും കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തു. ഇതിനിടയിലുണ്ടായ കൂലി വർധന താങ്ങാവുന്നതല്ലെന്ന് കർഷകർ.
നെൽകാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രധാന ജോലികൾക്കുള്ള കൂലിയിൽ മുൻവർഷത്തേക്കാൾ 50 രൂപയാണ് വർധന. നെല്ല് സംഭരണത്തിന് നൽകുമ്പോൾ ചുമട്, കയറ്റിറക്ക് കൂലിയിനത്തിൽ 280 രൂപയോളം കർഷകർക്ക് ചിലവാകുന്നു. സർക്കാർ നൽകുന്ന കൈകാര്യ ചിലവ് 12 രൂപ മാത്രമാണ്. നെൽവിലവർധിപ്പിക്കാതെ കുലി കൂട്ടുമ്പോൾ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുന്നുവെന്ന് കർഷകർ പറയുന്നു.