വ്യാഴവട്ടത്തിൽ ഒരിക്കൽ മാത്രമുള്ള വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് തുടക്കമായി. 12 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിലേക്ക് നിരവധി ഭക്തജനങ്ങളാണ് എത്തുന്നത്. ജാതി വേർതിരിവുകളില്ലാതെ എല്ലാവർക്കും ദിവസേന നടക്കുന്ന എതിരേൽപ്പിൽ പങ്കെടുക്കാമെന്ന മാറ്റവും ഇത്തവണയുണ്ട്.
ഉച്ചപ്പാട്ടോടെയായിരുന്നു കളമെഴുത്തിന്‍റെ തുടക്കം.പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ പഞ്ചവർണ്ണപ്പൊടിയിലാണ് കാളിരൂപമെഴുത്ത്. മുപ്പതിലധികം പേർ ചേർന്ന് എഴുതിയ എട്ട് കൈകളോടെയുള്ള കാളി പൂർണ്ണരൂപം ഉച്ചക്ക് ശേഷമാണ് ഭക്തർക്ക് ദർശനത്തിനായി തുറന്നത്.രാത്രിയോടെയാണ് കുത്തുവിളക്കേന്തിയ വനിതകൾ നെടുംപുര മണ്ഡപത്തിലെ കളത്തിലേക്ക് എതിരേൽക്കുന്നത്
എല്ലാ ജാതി വിഭാഗങ്ങളിൽ നിന്നുമുള്ള 64 പേരെ തിരഞ്ഞെടുത്തായിരുന്നു മുൻപ് എതിരേൽപ്പുകൾക്ക് പങ്കെടുപ്പിച്ചിരുന്നത്. ഇനിമുതൽ വ്രതമെടുത്ത ആർക്കും എതിരേൽപ്പിൽ പങ്കെടുക്കാം. ആദ്യ നാല് ദിവസം എട്ട് കൈകളോടെയും അടുത്ത നാല് ദിവസം പതിനാറ് കൈകളോടെയും പിന്നീട് മൂന്ന് ദിവസം മുപ്പത്തിരണ്ട് കൈകളുമായും അവസാനദിനം അറുപത്തിനാല് കൈകളോടെയുമുള്ള ഭദ്രകാളി രൂപമാണ് എഴുതുക. വടക്കുംകൂർ രാജഭരണകാലത്ത് തുടങ്ങി പിന്നീട് മുടങ്ങിപ്പോയ ചടങ്ങ് 1965 ലാണ് പുനരാരംഭിച്ച് നടത്തപ്പെടുന്നത്.