കോട്ടയം പാലയിൽ പഴകിയ ബീഫ് കറി നൽകിയത് ചോദ്യം ചെയ്തതിന് തട്ടുകടക്കാർ മർദിച്ചെന്ന് പരാതി. കൊച്ചിയിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പാലാ പൊലീസ് കേസ് എടുത്തു.
കോട്ടയം പാലയിൽ ഉള്ള ജോയ്‌സ് തട്ടുകടയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങി വന്ന വാരാപ്പുഴയിൽ നിന്നുള്ള സംഘം ആഹാരം കഴിക്കാനായി കടയിൽ കയറി. ഇവർ ഓർഡർ ചെയ്ത ബീഫ് കറി പഴകിയതാണെന്ന് ചൂണ്ടികാണിച്ചതിന് ആയിരുന്നു മർദനം എന്നാണ് പരാതി.
തട്ടുകട ജീവനക്കാരും പ്രദേശവാസികളും ചേർന്നായിരുന്നു മർദനമെന്നും ഇവർ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുക്കാൻ വൈകിയെന്നും പരാതി ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. വിവരം അറിഞ്ഞയുടൻ തന്നെ സ്ഥലത്തേക്ക് എത്തിയെന്നും സംഘർഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും ആണ് പാലാ പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.