കോട്ടയം ആലുംമൂട്ടിൽ വഴിയോരത്തെ ചായക്കട റിട്ടയേഡ് പൊലീസുകാരൻ അടിച്ചു തകർത്തു. ആലുംമൂട് സ്വദേശി നൗഷിദിന്‍റെ കടയാണ് അയൽവാസി കൂടിയായ സുലൈമാൻ തകർത്തത്. സുലൈമാനെതിരെ കടയുടമയായ നൗഷിദ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ഉച്ചക്ക് ഒരു മണിയോടെയാണ് അയൽവാസികൂടിയായ സുലൈമാൻ യാതൊരു പ്രകോപനവും ഇല്ലാതെ നൗഷിദിന്‍റെ കട അടിച്ച് തകർത്തത്. കോട്ടയം ടൗണിൽ നിന്ന് വരെ നിരവധി ആളുകൾ എത്തിയിരുന്ന നൗഷിദിന്‍റെ ചായക്കടയുടെ പുരോഗതിയാണ് സുലൈമാനെ പ്രകോപിപ്പിച്ചത്. മുമ്പും കടയ്ക്ക് നേരെ ആക്രമണം നടത്തുകയും കച്ചവടം തകർക്കാൻ ശ്രമിച്ചിരുന്നതായും നൗഷിദ് പറയുന്നു.
വഴിയോരത്ത് കെട്ടി ഉണ്ടാക്കിയ കട സുലൈമാൻ ഒറ്റയ്ക്കാണ് അടിച്ചു തകർത്തത്. ഇരുവരും തമ്മിലുള്ള ഭിന്നതയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസും പറഞ്ഞു. നൗഷിദിന്‍റെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി നൽകിയ നൗഷിദിനെയും പ്രതിയായ സുലൈമാനെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.. പ്രതിക്കെതിരെ നടപടിയെടുക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.