തൃശൂര്‍ മിണാലൂരില്‍ ഒന്നേകാല്‍ കോടി മുടക്കിയ ഇന്‍ഡോര്‍ സ്റ്റേഡിയം ഇന്ന് മാലിന്യകേന്ദ്രമാണ്. നിലവിലുള്ള സ്റ്റേഡിയം കായിക താരങ്ങള്‍ക്കായി തുറന്ന് നല്‍കാമെന്ന ഉറപ്പ് കാലങ്ങളായി പാഴ്‌വാക്കാകുകയാണ്.
നാടിന്റെ കായിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായിരുന്നു ഇന്‍ഡോര്‍ സ്റ്റേഡിയം പണിതത്. 2015ലാണ് നിര്‍മാണം തുടങ്ങിയത്. മുണ്ടത്തിക്കോട്ടെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം. ഇപ്പോള്‍ ഇത്, സ്റ്റേഡിയമല്ല. മാലിന്യ കേന്ദ്രമാണ്. വടക്കാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള മാലിന്യം തരംതിരിക്കുന്ന കേന്ദ്രം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പിന്നീട് അധികാരത്തില്‍ വന്ന ഇടതു ഭരണസമിതി സ്റ്റേഡിയത്തിനു പകരം കായിക സമുച്ചയം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, കായിക സമുച്ചയവും വന്നില്ല. നിലവിലുള്ള സ്റ്റേഡിയം ഉപയോഗശൂന്യവുമായി.
സ്റ്റേഡിയം പണി പൂര്‍ത്തിയാക്കാത്തതിന് വലിയ പ്രതിഷേധങ്ങള്‍ നടന്നു. പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു.