ramya-pradeep-chelakara-141

TOPICS COVERED

ചേലക്കരയില്‍ മനക്കണക്ക് കൂട്ടി മുന്നണികള്‍. ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ആര്‍.പ്രദീപ് ജയിക്കുമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ കണക്ക്കൂട്ടല്‍. അതേസമയം, അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് നിയമസഭയില്‍ എത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തൃശൂര്‍ മോഡല്‍ അട്ടിമറി ജയമാണ് ബി.ജെ.പിയുടെ മനസിലിരിപ്പ്. 

വോട്ടെണ്ണും വരെ ബൂത്തുകള്‍ തോറും കണക്കെടുപ്പിലാണ് മുന്നണികള്‍. തിരിച്ചും മറിച്ചും കൂട്ടി ജയിക്കുന്ന കണക്കു മാത്രമേ പാര്‍ട്ടികളുടെ കൈവശമുള്ളൂ. വോട്ടെണ്ണും വരെ തോല്‍ക്കാന്‍ ആര്‍ക്കും മനസില്ല. തോല്‍വിയെന്നൊരു വാക്ക് ചേലക്കരയില്‍ ഇല്ലെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് സി.പി.എം. യു.ആര്‍.പ്രദീപിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പ്രദീപിനെ ഇതിനു മുമ്പും തുണച്ചിട്ടുള്ള മണ്ഡലമാണ് ചേലക്കര. 

മുമ്പെങ്ങും കാണാത്ത പടയൊരുക്കമായിരുന്നു ചേലക്കരയില്‍ കോണ്‍ഗ്രസിന്റേത്. 180 ബൂത്തുകളിലും അഞ്ചു തവണ വരെ നേതാക്കള്‍ കയറിയിറങ്ങി. ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ 2019ല്‍ അട്ടിമറി നടത്തിയ രമ്യയ്ക്കു വീണ്ടുമൊരു അട്ടിമറി. നിയമസഭയിലേക്ക് കന്നിപ്രവേശത്തിന് വോട്ടര്‍മാര്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ. ഭൂരിപക്ഷം അയ്യായിരം വരെ. 

ചേലക്കരയുടെ ബാലേട്ടനാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. രണ്ടു മുന്നണികളേയും തള്ളുന്ന തൃശൂര്‍ മോഡല്‍ ജയം. ബി.ജെ.പിയുടെ പ്രതീക്ഷ വാനോളമാണ്. പഴയ തിരഞ്ഞെടുപ്പുകാലമല്ല ഇപ്പോള്‍. മനസ് പിടികൊടുക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ പഠിച്ചു. ചിരിച്ചുവരുന്ന നേതാക്കളെ പോലെ വോട്ടര്‍മാര്‍ എല്ലാ പാര്‍ട്ടിക്കാരേയും ചിരിച്ചു നേരിട്ടു തുടങ്ങി. ആ ചിരി കണ്ട് ബൂത്തിലെ കണക്കെടുത്താല്‍ അടിപ്പറ്റും. യഥാര്‍ഥ ചിത്രമറിയാന്‍ നവംബര്‍ 23 വരെ കാത്തിരിക്കണം. 

ENGLISH SUMMARY:

Chelakkara byelection expectations