thrissur

TOPICS COVERED

തൃശൂര്‍ പൂങ്കുന്നം സീതാറാംമില്‍ ലൈനിലെ ഒരു കണ്ണീര്‍ കാഴ്ചയിലേക്കാണ് ഇനി. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പുതുതായി പണിത വീട്. വീടിനോടു ചേര്‍ന്നുള്ള കുളത്തിന്‍റെ സംരക്ഷണഭിത്തി തകര്‍ന്നതാണ് കാരണം.  

 

തൃശൂര്‍ പൂങ്കുന്നം സ്വദേശി ശെല്‍വന്‍റെ വീടാണിത്. രണ്ടു മാസം മുമ്പാണ് പണി പൂര്‍ത്തിയാക്കിയത്. പശുവിനെ വളര്‍ത്തലാണ് ശെല്‍വന്‍റെ ജോലി. എണ്‍പതു വയസുള്ള അമ്മയാണ് വീട്ടിലെ കൂട്ട്. അടച്ചുറപ്പുള്ള വീടായിരുന്നു ഇവരുടെ സ്വപ്നം. ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് വീടു പണിതത്. എണ്ണൂറ് സ്ക്വയര്‍ ഫീറ്റ് നിര്‍മിക്കാന്‍ ശെല്‍വന്‍ എടുത്ത അധ്വാനം നിസാരമല്ല. സീതാറാമില്ലിന്‍റെ കുളമാണിത്. സംരക്ഷണഭിത്തിയ്ക്കു അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കനത്ത മഴയ്ക്കിടെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വീടിന്‍റെ മതിലും തകര്‍ന്നു. സമീപത്തെ വൈദ്യുതി പോസ്റ്റ് ഏതുസമയത്തും മറിഞ്ഞുവീഴാം. കുളത്തിന്‍റെ ഒരു ഭാഗം കോര്‍പറേഷന്‍ നേരത്തെ നവീകരിച്ചിരുന്നു. സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കില്‍ വീട് വീഴും. ഒപ്പം, ശെല്‍വന്‍റെ പാര്‍പ്പിട സ്വപ്നവും. 

കുളത്തിന്‍റെ അവകാശം കോർപ്പറേഷനു ലഭിച്ചാല്‍ ഉടന്‍ മതിൽ പുനര്‍നിര്‍മിക്കുമെന്ന് മേയര്‍ പറഞ്ഞു. താല്‍ക്കാലികമായി ഭിത്തി കെട്ടി വീട് വീഴാതിരിക്കാനുള്ള ശ്രമമാണ് കൗണ്‍സിലറും കരാറുകാരനും സംയുക്തമായി ചെയ്യുന്നത്. 

ENGLISH SUMMARY:

The house is in danger due to the collapse of the protective wall of the pond