തൃശൂര്‍ തൊയക്കാവില്‍ ഓലക്കുടിലില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിന് തുണയായി മനോരമ ന്യൂസ് വാര്‍ത്ത. 450 സ്ക്വയര്‍ഫീറ്റ് വീട് നിര്‍മിക്കാന്‍ പണി തുടങ്ങി. സേവാഭാരതിയാണ് വീടു നിര്‍മിച്ചു നല്‍കുന്നത്.
ഈ കുടുംബത്തിന്റെ കണ്ണീര് മനോരമ ന്യൂസിലൂടെ ഒട്ടേറെ പ്രേക്ഷകര്‍ കണ്ടത് നാലു മാസം മുമ്പാണ്. അവിവാഹിതരായ അറുപതു വയസു കഴിഞ്ഞ മൂന്നു സഹോദരിമാരുടേയും കണ്ണീരൊപ്പാന്‍ വീട് വരുന്നു. 450 സ്ക്വയര്‍ ഫീറ്റ് വീട്. നിര്‍മാണം തുടങ്ങി കഴിഞ്ഞു. വീട് പ്രളയമെടുത്തപ്പോള്‍ ഓലക്കുടിലിലായിരുന്നു ജീവിതം. പാമ്പുകളുടെ ശല്യം കാരണം കുടിലില്‍ മനസമാധാനത്തോടെ ഉറങ്ങാന്‍പോലും കഴിയുമായിരുന്നില്ല. ഈ ദുരിത ജീവിതത്തിനാണ് പരിഹാരം. വീടു നിര്‍മാണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരവും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ ദേവന്‍ നിര്‍വഹിച്ചു. സേവാഭാരതി പ്രവര്‍ത്തകരാണ് വീടു നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. ഓണത്തിന് പുതിയ വീട്ടിലേക്ക് കുടുംബത്തിനു മാറാന്‍ കഴിയുംവിധമാണ് നിര്‍മാണം ക്രമീകരിച്ചിട്ടുള്ളത്.